കൊച്ചി :പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രി
വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ കുറ്റപത്രത്തിൽ ആരോപിക്കുന്ന കുറ്റങ്ങൾ :
ക്രിമിനൽ വിശ്വാസ വഞ്ചനയും ഗൂഢാലോചനയും
(പത്തു വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം)
പൊതുജനസേവകനെന്ന നിലയിലുള്ള ഒൗദ്യോഗിക പെരുമാറ്റ ദൂഷ്യം. പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി നേട്ടമുണ്ടാക്കുകയോ, മറ്റുള്ളവർക്ക് നേട്ടമുണ്ടാക്കാൻ അവസരമൊരുക്കുകയോ ചെയ്യുക
( ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം)
കേസ് ഡയറി
പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, നാലാം പ്രതിയും പൊതുമരാമത്ത് സെക്രട്ടറിയുമായിരുന്ന ടി.ഒ. സൂരജ്, പത്താം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കേരള എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷ് എന്നിവരുമായി ഗൂഢാലോചന നടത്തി. പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മാണം തുടങ്ങാൻ നിയമവിരുദ്ധമായി ഭരണാനുമതി നൽകി. ഇതിനായി 2014 മാർച്ച് നാലിന് കരാർ ഒപ്പിടാനായി മുഹമ്മദ് ഹനീഷ് കൈക്കൊണ്ട തീരുമാനത്തിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ചെയർമാനെന്ന നിലയിൽ അംഗീകാരം നൽകി.സുമിത് ഗോയൽ നൽകിയ അപേക്ഷയിൽ 8.25 കോടി രൂപ അനധികൃതമായി മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചു. നിലവിലുള്ള ചട്ടപ്രകാരം ഇങ്ങനെ അഡ്വാൻസ് നൽകാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഇൗ നടപടി.
നഷ്ടമിങ്ങനെ
പൊതുഖജനാവിനുണ്ടായ നഷ്ടം : 13.45 കോടി
പലിശയിനത്തിലുണ്ടായ നഷ്ടം : 85.41 ലക്ഷം
ആകെ നഷ്ടം : 14.30 കോടി