.കൊച്ചി : കൊച്ചി സ്മാർട്ട് സിറ്റി മിഷനിലെ പ്രധാന പദ്ധതികളിലൊന്നായ എറണാകുളം മാർക്കറ്റ് നവീകരണത്തിനുള്ള തടസങ്ങൾ നീങ്ങുന്നു. ഫെബ്രുവരിയോടെ നിലവിലെ മാർക്കറ്റിന്റെ നിർമ്മാണം തുടങ്ങും. ഇതിന് മുന്നോടിയായി ജനുവരി അവസാനത്തിൽ മാർക്കറ്റിലെ കടകൾ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ( സി.എസ്.എം.എൽ )സി.ഇ.ഒ ജാഫർ മാലിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കച്ചവടക്കാരെ താത്കാലികമായി മാറ്റാൻ കണ്ടെത്തിയ സ്ഥലം സി.എസ്.എം.എല്ലിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്

സുപ്രീംകോടതി ഇടപെടൽ തുണച്ചു

മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നിലവിലെ കച്ചവടക്കാരെ മാർക്കറ്റിന് തൊട്ടടുളത്തുള്ള 1.25 ഏക്കർ

സ്ഥലത്തേക്കാണ് മാറ്റുന്നത്. 2003 വരെ ഇവിടെ ഒരു മുസ്ളിം സ്കൂൾ പ്രവർത്തിച്ചിരുന്നു.രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. താത്ക്കാലിക മാർക്കറ്റ് നിർമിക്കാനായി മുസ്ളിം സ്‌കൂൾ നിൽക്കുന്ന ഭൂമി സി.എസ്.എം.എല്ലിനു കൈമാറാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരിയായ എ.കെ.സുഹുദ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഈ ഹർജി തള്ളി.

കരാറുകാർ റെഡി

കഴിഞ്ഞ സെപ്തംബർ 9ന് തുടങ്ങി 75 ദിവസത്തിനുള്ളിൽ താത്ക്കാലിക മാർക്കറ്റ് നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 4.98 കോടി രൂപ ചെലവിൽ നിർമിക്കുന്ന താത്ക്കാലിക മാർക്കറ്റിന്റെ നിർമാണ ചുമതല മേരിമാതാ ഇൻഫ്രാസ്ട്രക്ചർ പ്രെവറ്റ് ലിമിറ്റഡിനാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സി.എസ്.എം.എൽ 100 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണ പദ്ധതി നടപ്പാക്കുന്നത്. താത്ക്കാലിക മാർക്കറ്റിലേക്ക് കച്ചവടക്കാരെ മാറ്റിയ ശേഷം മാത്രമേ നിലവിലെ മാർക്കറ്റ് നവീകരണ ജോലികൾ ആരംഭിക്കാൻ കഴിയുകയുള്ളൂ. മാർക്കറ്റിലെ 213 കച്ചവടക്കാരെയാണ് താത്കാലികമായി മാറ്റുന്നത്.