കൊച്ചി: ഗ്രാമീണ മേഖലയിലെ 2019- 20 വർഷത്തെ സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തങ്ങൾക്കുള്ള കേന്ദ്ര പുരസ്‌കാരം എറണാകുളം ജില്ലയ്ക്കു ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച രാജ്യത്തെ 20 ജില്ലകളാണ് കേന്ദ്ര ജലശക്തി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരത്തിന് അർഹമായത്. ലോക ടോയ്‌ലറ്റ് ദിനത്തോട് അനുബന്ധിച്ചു ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന വെർച്വൽ ചടങ്ങിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിൽ നിന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അവാർഡ് ഏറ്റുവാങ്ങി.
മാനദണ്ഡം ഇതാണ്
വ്യക്തിഗത ശൗചാലയങ്ങളുടെ നിർമ്മാണം, പൊതുശൗചാലയങ്ങളുടെ പ്രവർത്തനം, ഖര,ദ്രാവക മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടൽ, വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ, വിഭവശേഷി പ്രവർത്തനങ്ങൾ, തുക ചെലവഴിക്കൽ തുടങ്ങിയ മാനദണ്ഡങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
എല്ലാ പഞ്ചായത്തുകളിലും ശൗചാലയങ്ങൾ
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും വെളിയിട വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ വീടുകളിൽ ഖരമാലിന്യം സംസ്‌കരിക്കുന്നതിനു സംവിധാനങ്ങളും ബയോഗ്യാസ് പ്ലാന്റുകളും വിതരണം ചെയ്തു. അജൈവ മാലിന്യസംസ്‌കരണത്തിന് ഹരിത കർമ്മസേനകൾ രൂപീകരിച്ചു.
ഗോബർധൻ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തു തന്നെ ആദ്യമായി ആനപ്പിണ്ടത്തിൽ നിന്ന് മറ്റും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമാണം കോടനാട് ആനക്കളരിയിൽ പ്രവർത്തനം ആരംഭിച്ചു. സ്വച്ഛ് ഭാരത് മിഷൻ കേന്ദ്ര വിഹിതം പൂർണമായും ചെലവഴിച്ചതിനാൽ പഞ്ചായത്തുകൾക്ക് ലോക ബാങ്കിന്റെ പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാൻഡും ലഭിച്ചു.
ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പി.എസ്. ഷൈൻ, ഹരിത കേരളം മിഷൻ കോ ഓർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് ധന്യ എം.എസ്, പ്രോഗ്രാം ഓഫീസർ ധന്യ ജോസി, മോഹനൻ സി.കെ, കൃഷ്ണവേണി എം.എസ്, റിസാൽദർ അലി, ലാലി കാർത്തികേയൻ എന്നിവർ പങ്കെടുത്തു.