കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ പോൾ മാനേജർ മൊബൈൽ ആപ്ലിക്കേഷനിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം നൽകി. എൻ.ഐ.സിയുടെ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർമാർ നേതൃത്വം നൽകി.

പരിശീലനം ലഭിച്ച മാസ്റ്റർട്രെയിനർമാർ ബ്ലോക്ക് ലെവൽ, മുനിസിപ്പൽ ട്രെയിനർ തുടങ്ങിയവർക്ക് പരിശീലനം നൽകും. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തുടങ്ങിയവർക്ക് ബ്ലോക്ക് ലെവൽ ട്രെയിനർമാർ പരിശീലനം നൽകും.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ ജില്ലാതലത്തിൽ ലഭ്യമാക്കുന്നതിനാണ് പോൾ മാനേജർ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതു മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ച് ഏല്പിക്കുന്നതുവരെ എല്ലാവിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ എല്ലാബൂത്തുകളിൽ നിന്നും വോട്ടിംഗ് ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് കൈമാറാനാകും. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് ആപ്പ് ഓപ്പൺ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഉദ്യോഗസ്ഥർക്ക് നമ്പർ അപ്പ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലുണ്ടാവും.