കൊച്ചി: നഗരത്തിൽ തുടർച്ചയായ വൈദ്യുതി ഉറപ്പാക്കാൻ സംസ്ഥാന വൈദ്യുതി ബോർഡ് സ്ഥാപിച്ച ബ്രഹ്മപുരം - തുതിയൂർ - കലൂർ 220 കെ.വി ഭൂഗർഭകേബിളിലൂടെ 24ന് വൈദ്യുതി പ്രവഹിപ്പിച്ചുതുടങ്ങും. 2,22,000 വോൾട്ട് വൈദ്യുതിയാണ് ഭൂഗർഭകേബിളിലൂടെ ലഭ്യമാകുക.

ബ്രഹ്മപുരം മുതൽ തുതിയൂർവരെയും തുതിയൂർ മുതൽ കലൂർവരെയും രണ്ടു ഘട്ടങ്ങളായാണ് കേബിൾ സ്ഥാപിച്ചത്. എറണാകുളം, ഇടപ്പള്ളി സൗത്ത്, ഇടപ്പള്ളി നോർത്ത്, കാക്കനാട്, എളംകുളം, വാഴക്കാല, തിരുവാങ്കുളം, പുത്തൻകുരിശ് വില്ലേജുകളിലൂടെയാണ് കേബിൾ കടന്നുപോകുന്നത്.

തുതിയൂർ - ആദർശ് നഗർ, തുതിയൂർ - പാലച്ചുവട്, പാലച്ചുവട് - വെണ്ണല, തൃപ്പൂണിത്തുറ - ഇടപ്പള്ളി, ശ്രീകല റോഡ്, ദേശീയപാത 66, ദേശീയപാത സർവീസ് റോഡ്, കൊച്ചാപ്പിള്ളി, പാലാരിവട്ടം - സിവിൽലൈൻ, എ.കെ.കെ നായർ, ആലുവ - എറണാകുളം എന്നീ റോഡുകളിലൂടെയാണ് കേബിൾ കടന്നുപോകുന്നത്.

# കേബിൾ കലൂർ വരെ

കലൂർ സ്റ്റേഡിയത്തിന് സമീപത്തെ സബ് സ്റ്റേഷനിലാണ് ഭൂഗർഭ കേബിൾ എത്തിച്ചേരുന്നത്. എറണാകുളം നഗരത്തിൽ തുടർച്ചയായി വൈദ്യുതിവിതരണം കേബിൾ ചാർജ് ചെയ്യുന്നതോടെ ലഭ്യമാകും. ഏതാനും വർഷങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയും വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് കേബിൾ സ്ഥാപിച്ചത്. കിഫ്ബിയാണ് വൈദ്യുതലൈൻ സ്ഥാപിക്കാൻ ധനസഹായം നൽകിയത്.

# മെട്രോയ്ക്ക് ബദൽ ലൈൻ

കൊച്ചി മെട്രോയ്ക്കും കലൂർ സബ് സ്റ്റേഷനിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനും കേബിൾശൃംഖല സഹായിക്കും. മുട്ടത്തെ സബ് സ്റ്റേഷൻ വഴിയാണ് മെട്രോ ട്രെയിൻ ഓടാനാവശ്യമായ വൈദ്യുതി നിലവിൽ നൽകുന്നത്. പ്രളയകാലത്ത് മുട്ടം യാർഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ വൈദ്യുതി വിതരണത്തെയും ബാധിച്ചിരുന്നു. കലൂർ സബ് സ്റ്റേഷനിൽ നിന്ന് മെട്രോയിലേയ്ക്ക് പ്രത്യേക വൈദ്യുതിലൈൻ നൽകും. ഏതുഘട്ടത്തിലും മുട്ടത്തിന് പകരം കലൂരിൽ നിന്ന് മെട്രോയിലേയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ കേബിൾ സ്ഥാപിച്ചത് സഹായിക്കും.

# ജനങ്ങൾക്ക് ജാഗ്രതാനിർദേശം

ഉയർന്ന വോൾട്ടേജ് കടന്നുപോകുന്ന ലൈനായതിനാൽ കേബിൾ മേഖലയിലെ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. കേബിളുമായി ബന്ധപ്പെട്ട ടവറുകളിൽ കയറുന്നത് അപകടകരമാണ്. കേബിളിൽനിന്നോ അല്ലാതെയോ ജനങ്ങളുടെ ജീവനോ സ്വത്തിനോ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദിത്വം ബോർഡിനില്ലെന്നും അദ്ദേഹം അറിയിച്ചു.