കൊച്ചി: കാടുകയറി ഇഴജന്തുക്കൾ പെരുകിയ ജൂതശ്‌മശാനം സ്കൂൾ, കോളേജ് അധികൃതർ ഉൾപ്പെടെ പരിസരവാസികളുടെ സ്വൈര്യം കെടുത്തുന്നു. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നഗരമദ്ധ്യത്തിലെ ഒരു ഏക്കറോളം വിസ്തൃതിയുള്ള ശ്മശാനമാണ് ക്ഷുദ്രജീവികളുടെ വിഹാരരംഗമായി മാറിയിരിക്കുന്നത്. ഇതിനെതിരെ നിരന്തരം പരാതി കൊടുത്തിട്ടും നടപടി എടുക്കുന്നില്ലെന്ന് ശ്‌മശാനവുമായി അതിർത്തി പങ്കിടുന്ന സെന്റ് തെരേസാസ് കോൺവെന്റ് സ്കൂൾ അധികൃതരും പറയുന്നു.ജൂതസമുദായത്തിന്റെ വകയാണ് ഭൂമി. ശ്മശാനം എന്ന നിലയിൽ കൃത്യമായി പരിപാലനമില്ലാത്തതുകൊണ്ട് വള്ളിപ്പടർപ്പുകളും മുൾച്ചെടികളുമൊക്കെ വളർന്ന് വനത്തിന് സമാനമായി. വിഷപ്പാമ്പുകൾ, മുള്ളൻപന്നി, മരപ്പട്ടി തുടങ്ങിയ ജീവികൾ ധാരാളമാണ്. പരിസരവാസികളുടെ മാലിന്യനിക്ഷേപ കേന്ദ്രവുമാണിവിടം. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളുമൊക്കെ ഇതിനുള്ളിലൂടെ സ്കൂൾ പരിസരത്തേക്ക് നുഴഞ്ഞു കയറുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പകൽ ശ്മാശനത്തിൽ നിന്ന് കയറിവന്ന ഒരു മലമ്പാമ്പിനേയും മുള്ളൻപന്നിയേയും സ്കൂൾ വളപ്പിൽ നിന്ന് പിടികൂടിയിരുന്നു. മഴ മാറിയതോടെ കാട്ടിനുള്ളിൽ നിന്ന് ആഫ്രിക്കൻ ഒച്ചുകളും കൂട്ടമായി പുറത്തേയ്ക്ക് വരുന്നുണ്ട്.
ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ ശ്‌മാശനത്തിന്റെ വികസനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. അന്ന് കാടൊക്കെ വെട്ടിത്തെളിച്ച് വൃത്തിയാക്കിയെങ്കിലും അടുത്ത മഴക്കാലമായപ്പോൾ വീണ്ടും പഴയപടിയായി. പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് സമീപത്തുള്ളത്. മാലിന്യം നിറഞ്ഞതും ആശങ്കാജനകമാണെന്ന് സെന്റ് തെരേസാസ് സ്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പരാതിപ്പെടുന്നു.സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം വിദ്യാർത്ഥികളുടെ അവകാശമാണെന്നും ഇക്കാര്യത്തിൽ കോർപ്പറേഷൻ, പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിരശ്രദ്ധ ഉണ്ടാവണമെന്നും സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് ക്ഷുദ്രജീവികളെ അകറ്റാൻ നടപടി സ്വീകരിക്കണമെന്നും സ്കൂൾ പ്രിൻസിപ്പൽ സി. മാജി നൽകിയ പരാതികളിൽ ആവശ്യപ്പെട്ടു.
കൊച്ചിയിലെ ജൂതപാരമ്പര്യത്തിന്റെ ശേഷിപ്പുകളിൽ ഒന്നാണ് സെമിത്തേരി. നിരവധി പേരെ അടക്കം ചെയ്ത സ്ഥലമാണിത്. പൈതൃകപട്ടികയിലുമുണ്ട്. സംരക്ഷിത മേഖലയായാണ് ഇവിടം. കൃത്യാമായി കാടും പടലും വെട്ടുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ല. ഇതുമൂലം നശിക്കുന്ന അവസ്ഥയിലാണ് സെമിത്തേരി.