കോലഞ്ചേരി: സീറ്റുറപ്പിക്കൽ ഒരു കലയാണ്. കോൺഗ്രസിലാണെങ്കിൽ പ്രത്യേകിച്ചും. ഇക്കുറിയും പതിവു സർക്കസെല്ലാം മുറപോലെ അരങ്ങേറി. ഗ്രൂപ്പ്, ജാതി, മത സമവാക്യങ്ങളെല്ലാം ഒത്തുവന്നാലും അസാദ്ധ്യ മെയ്‌വഴക്കമില്ലെങ്കിൽ പട്ടികയ്ക്കു പുറത്താവും. അടവെല്ലാം പയറ്റിയിട്ടും പുറത്തായവർ ചിലർ വിമതവേഷമിട്ടു. സ്ഥാനാർത്ഥിയാവുമെന്നുറച്ച് വീടുകയറിത്തുടങ്ങിയവർ അവസാന ഓവറിൽ ഔട്ടാവുമെന്നുവന്നാൽ വേറെ വഴിയൊന്നുമില്ല. ഓടി കിട്ടുന്നത്രയും റണ്ണെടുക്കുക. കുറ്റി പോയാൽ പോട്ടെ എന്നുവെക്കണം. ഒരു വാർഡിൽപ്പോലും സ്ഥാനാർത്ഥിയാവാനായില്ലെങ്കിൽ പിന്നെ പാർട്ടിയിൽ കുറ്റിയടിച്ചുനിന്നിട്ടെന്തു കാര്യം എന്നാലോചിച്ചാൽ കുറ്റം പറയാൻ പറ്റില്ല. മറിച്ചുള്ള മാതൃകകളും ഏറെയുണ്ട്. ഇവരിൽ വ്യത്യസ്തരാണ് കുന്നത്തുനാട്ടിലേയും, ഐക്കരനാട്ടിലേയും ചില യു.ഡി.എഫ് നേതാക്കൾ.
മത്സരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും പരിഭവമില്ല. സീറ്റിനായി പിടിവലിയും സമ്മർദ്ദവും ശക്തമായ കാലത്ത് ജനസേവനത്തിന് അധികാരം നിർബന്ധമില്ലെന്നാണ് ഇവരുടെ നിലപാട്. ജനകീയനാണ് നേതാവ്. ഇക്കുറി മത്സരിക്കാനുണ്ടാകുമെന്ന് നാട്ടുകാരും പ്രതീക്ഷിച്ചു. ഇതേപ്പറ്റി സാമൂഹികമാദ്ധ്യമങ്ങളിൽ ചർച്ചയുമുണ്ടായിരുന്നു. പക്ഷേ, പട്ടികവന്നപ്പോൾ ജനകീയൻ ഔട്ട്. പ്രതീക്ഷയുണ്ടായിരുന്ന ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കാൻ മറ്റു നേതാക്കൾ പറന്നിറങ്ങിയതോടെ സംഗതി കൈവിട്ടു. സീറ്റില്ലെങ്കിലും പിണങ്ങി മാറിനിൽക്കാൻ അദ്ദേഹം തയ്യാറല്ല.
സാമൂഹികമാദ്ധ്യമങ്ങളിൽ നല്ല മൈലേജുള്ള അദ്ദേഹത്തിന്റെ ഓട്ടമിപ്പോൾ മറ്റു സ്ഥാനാർഥികൾക്കുവേണ്ടിയാണ്. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്ലാവർക്കുമായി വോട്ടുതേടുകയാണ് കഥാനായകൻ. ഓൺലൈൻ ഇടപെടലിന്റെ പൾസ് നന്നായറിയാവുന്ന നേതാവ് ഫെയ്‌സ്ബുക്കിൽ ഇങ്ങനെയെഴുതി. ''ചെലോൽത്ക്ക് റെഡ്യാകും ചെലോൽത്ക്ക് റെഡ്യാകില്ല, എനിക്ക് റെഡ്യായില്ല അതുകൊണ്ട് ഒരു കൊയപ്പോല്ല കോൺഗ്രസ് ജയിക്കട്ടെ'' . നിരാശനാകേണ്ടെന്ന് കമന്റടിച്ച് വിളിക്കാനും ഏറെപ്പേരുണ്ട്. മത്സരിക്കുന്നില്ലെങ്കിലും നിങ്ങളാണ് നേതാവ്, ഇതാണ് മാതൃക തുടങ്ങി നാട്ടുകാരുടെ സ്‌നേഹപ്രകടനം കമന്റായി വന്നു നിറയുന്നതിന്റെ ഹരത്തിലാണ് നേതാവ്.