കൊച്ചി: സ്വന്തമായി വീടില്ലാത്ത വിധവകൾക്കും പെൺമക്കൾ മാത്രമുള്ള വിധവകൾക്കും ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) വനിതാവിംഗ് ജില്ലാ കമ്മിറ്റിയാണ് ആലംബഹീനരായ വിധവകൾക്ക് മുൻഗണന നൽകി സൗജന്യ ഭവനപദ്ധതി പ്രഖ്യാപിച്ചത്. നിലവിലെ ഭരണ സമിതിയുടെ ഒന്നാംവാർഷികത്തിലായിരുന്നു 'ഭവനം സാന്ത്വനം' പദ്ധതി പ്രഖ്യാപനം. ഗുണഭോക്താക്കൾക്ക് 400-450 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീട് നിർമിക്കാൻ അനുയോജ്യമായ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.
ആദ്യഘട്ടത്തിൽ ജില്ലയിലെ 13 മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഓരോ ഭവനംവീതമാണ് നിർമിച്ചുനൽകുക. ഉപഭോക്താക്കളെ തിരഞ്ഞെടുക്കലും ഭവനനിർമ്മാണവും വനിതാവിംഗിന്റെ നേതൃത്വത്തിലായിരിക്കും. ഭവനനിർമാണ യജ്ഞത്തിൽ സംഭാവനകൾക്ക് പുറമെ ശ്രമദാനമായും നിർമാണ സാമഗ്രികളായ സിമന്റ്, കമ്പി, ടൈൽസ്, പെയിന്റ്, ബാത്ത്റൂം ഫിറ്റിംഗ്സ്, ഇലക്ട്രിക്-ഇലേക്ട്രാണിക് ഉപകരണങ്ങൾ തുടങ്ങിയവ നൽകിയും ജില്ലയിലെ മുഴുവൻ അംഗങ്ങളും ഭാഗമാക്കുമെന്ന് വനിതാവിംഗ് പ്രസിഡന്റ് സുബൈദ നാസർ പറഞ്ഞു.
കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സാമൂഹിക ഇടപെടൽ കൂടിയാണ് ഇത്തരം പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത നർത്തകി ചിത്ര സുകുമാരൻ, പെരുമ്പാവൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പി.എച്ച് ബിബിജ എന്നിവർ ചേർന്ന് അംഗങ്ങളുടെ സംഭാവനയുടെ ആദ്യഗഡുവായ ഒരുലക്ഷം രൂപയുടെ ചെക്ക് ഭരണസമിതിക്ക് കൈമാറി. വനിതാവിംഗ് ഭാരവാഹികളായ സിനിജ റോയി, സുനിത വിനോദ്, മായാ ജേക്കബ്, കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഡ്വ.എ.ജെ.റിയാസ്, സി.എസ്. അജ്മൽ, എം.സിപോൾസൺ, ജിമ്മി ചക്കിയത്ത്,കെ.ടി.ജോയി, സുരേഷ് ഗോപി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.