നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ മുന്നണി മര്യാദകൾ ലംഘിച്ച് സി.പി.എം - സി.പി.ഐ പോരിലേക്ക്. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിൽ സി.പി.എമ്മും സി.പി.എം മത്സരിക്കുന്ന നാല് സീറ്റുകളിൽ സി.പി.ഐയും ഇന്നലെ പത്രിക നൽകി.

സീറ്റ് സംബന്ധിച്ച തർക്കം ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം ഇടപെട്ടിട്ടും പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങുന്നത്. 18 സീറ്റുള്ള പഞ്ചായത്തിൽ 2015ൽ സി.പി.ഐ മത്സരിച്ച നാല് സീറ്റിൽ മൂന്നിടത്ത് ജയിച്ചു. 15 -ാം വാർഡിൽ തോറ്റത് 16 വോട്ടിനാണ്. അന്ന് ഒരു സീറ്റിൽ ജനതാദളും മത്സരിച്ചു. ഇക്കുറി ലോക് തന്ത്രിക് ജനതാദളിനും എൻ.സി.പിക്കും ഒരു സീറ്റ് വീതം അനുവദിക്കുന്നതിന്റെ പേരിൽ സി.പി.ഐയുടെ ഒരു സീറ്റ് കുറക്കാൻ നീക്കം നടന്നു. ഇതുസംബന്ധിച്ച പ്രാദേശികമായ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റിക്ക് വിട്ടത്. ഇതിനിടയിൽ ഇന്നലെ സി.പി.ഐയുടെ കൈവശമുള്ള ആറിൽ സി.പി.എം പത്രിക നൽകിയതോടെയാണ് സി.പി.ഐയും അതേനാണയത്തിൽ തിരിച്ചടിച്ചത്.

സി.പി.ഐ കഴിഞ്ഞതവണ മത്സരിച്ച നാല് വാർഡുകൾക്ക് പുറമെ 8,9,12,18 വാർഡുകളിലും പത്രിക നൽകി. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽദാസ്, സ്റ്റീഫൻ പാനികുളങ്ങര, അഞ്ജലി ബാബു, സന്ധ്യ ജോഷി എന്നിവരാണ് സി.പി.എമ്മിന്റെ വാർഡിൽ പത്രിക നൽകിയവർ.