ibrahim-kunju

 മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് വിജിലൻസ്

കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെങ്കിൽ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യക്തമാക്കി. ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പു വരുത്താൻ മെഡിക്കൽ ബോർഡിനു രൂപം നൽകാൻ നിർദ്ദേശിക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ അർബുദരോഗ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ജഡ്‌ജി നേരിട്ട് ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്. അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനായി നവംബർ 21 വരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്നലെ വിജിലൻസ് ഡിവൈ.എസ്.പി വി. ശ്യാംകുമാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിൽ ജാമ്യം തേടി ഇബ്രാഹിംകുഞ്ഞും അപേക്ഷ നൽകി. ഇരുഹർജികളിലും വാദം കേട്ട കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

 അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ്

മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി മന:പൂർവം സഹകരിക്കുന്നില്ല. അദ്ദേഹത്തിന് വ്യക്തിപരമായി അറിയുന്ന കാര്യങ്ങൾ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. റോഡ് ഫണ്ട് ബോർഡിൽ നിന്നാണ് ഫ്ളൈഓവർ നിർമ്മാണത്തിന് പണം നൽകിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുൻമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇബ്രാഹിംകുഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കി.

 കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിന് അനുമതി നൽകിയതുകൊണ്ടു മാത്രമാണ് പ്രതിയാക്കിയതെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കൈക്കൂലി വാങ്ങിയിട്ടില്ല. റിമാൻഡ് റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്. കൂടുതൽ രേഖകൾ നൽകാൻ സമയം വേണം. ഇപ്പോഴും പ്രതി ചികിത്സയിലാണ്.

വിജിലൻസ് കോടതിയുടെ രണ്ടു ചോദ്യങ്ങൾ

1.  മൊബിലൈസേഷൻ അഡ്വാൻസ് നൽകുമെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ കരാറുകാർ മുന്നോട്ടു വരുമായിരുന്നില്ലേ ?

2.  ടെൻഡറിൽ പറയാത്ത മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതെന്തിനാണ് ? ഇതിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നോ ?