കൊച്ചി : എറണാകുളം നഗരത്തിലെ നടപ്പാതകളും റോഡുകളും അംഗപരിമിതർക്ക് ഉപയോഗിക്കാൻ കഴിയുംവിധമാക്കണമെന്നും ഇതിനുള്ള ജോലികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കി മാർച്ച് 31 നകം കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നഗരത്തിലെ നടപ്പാതകളും റോഡുകളും അഗപരിമിതർക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഉപയോഗിക്കാൻ കഴിയുന്നതാക്കണമെന്നാവശ്യപ്പെട്ട് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കൊച്ചി നഗരസഭയും പൊതുമരാമത്ത് വകുപ്പുമാണ് നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത്. അംഗപരിമിതരായ വ്യക്തികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള നടപ്പാതകളും റോഡുകളുമല്ല നിലവിലുള്ളതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. നടപ്പാതകൾ വാണിഭക്കാർ കൈയേറിയ നിലയിലാണ്. പരസ്യബോർഡുകളും കേബിളുകളും യാത്രാദുരിതമുണ്ടാക്കുന്നു. മാത്രമല്ല, അംഗപരിമിതർക്ക് നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ ചരിഞ്ഞ പ്രതലങ്ങൾ ഒരുക്കിയിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കൊച്ചി നഗരത്തിലെ നടപ്പാതകൾ അംഗപരിമിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധമല്ലെന്ന് കോടതിയും വിലയിരുത്തി.