കോലഞ്ചേരി: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി പൂത്തൃക്ക പഞ്ചായത്തിലെ കോലഞ്ചേരി, ചൂണ്ടി, പുതപ്പനം, വടയമ്പാടി പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കോലഞ്ചേരി ബ്ലോക്ക് കവലയിലെ സൂപ്പർ മാർക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത മത്സ്യസ്റ്റാൾ, ചൂണ്ടിയിലെ മത്സ്യസ്റ്റാൾ എന്നിവിടങ്ങളിൽ നിന്നുമായി രോഗാണുസംക്രമണ സാദ്ധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന പഴകി ദുർഗ്ഗന്ധം വമിക്കുന്ന 45 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മലിനജലം പൊതുവഴിയിലേയ്ക്ക് ഒഴുക്കിയതിന് മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നാളുകളായി അടുക്കള മാലിന്യം നീക്കം ചെയ്യാത്തതിനും, ഹെൽത്ത്കാർഡില്ലാത്ത ജീവനക്കാരെ പാചകവൃത്തിക്ക് നിയോഗിച്ചതിനും, വില്പനയ്ക്കായി പഴകിയ ഭക്ഷണം സൂക്ഷിച്ചതിനും അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.നോട്ടീസ് കാലാവധിക്കു ശേഷം വിലയിരുത്തൽ പരിശോധന നടത്തുമ്പോഴും പോരായ്മ പരിഹരിക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.സജി അറിയിച്ചു.ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ്‌കുമാർ, കെ.കെ.സജീവ്, എസ്.നവാസ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.