കൊച്ചി: ക്ഷേമനിധി പെൻഷൻകാരുടെ മസ്റ്ററിംഗ് നിർത്തിവെച്ചതിൽ ദുരുഹതയുണ്ടെന്ന് കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി തമ്പി കണ്ണാടൻ ആരോപിച്ചു. സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധിയിൽ നിന്നുള്ള പെൻഷനുകളും 2021 ജനുവരി മുതൽ വിതരണം ചെയ്യണമെങ്കിൽ ഈ വർഷം നവംബറിൽ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതായിരുന്നു. എന്നാൽ അത് സർക്കാർ നിറുത്തുകയും പകരം മസ്റ്ററിംഗ് ഏർപ്പെടുത്തുകയും ചെയ്തു. 2021 ജനുവരി മുതൽ പെൻഷൻ വിതരണം ചെയ്യുന്നതിന് സർക്കാരിൽ ഫണ്ടില്ലാത്തതുകൊണ്ടാണ് മസ്റ്ററിംഗ് നിറുത്തി വെച്ചിരിക്കുന്നതെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പു കഴിഞ്ഞ് മസ്റ്ററിംഗ് നടത്താൻ തീരുമാനമെടുത്താൽ നാലിലൊന്ന് പെൻഷൻകാർക്ക് പോലും പെൻഷൻ ലഭിക്കില്ല. ക്ഷേമനിധി ബോർഡ്കളിൽ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ക്ഷേമനിധി അംഗത്വം പുതുക്കേണ്ടതുകൂടിയുള്ളതിനാൽ എല്ലാ ജോലിയുംകൂടി ഒരുമിച്ച് ചെയ്യാൻ ക്ഷേമനിധി ജീവനക്കാർക്ക് കഴിയാതെ പെൻഷൻ വിതരണം സ്തംഭനത്തിലാകുവാനും സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.