nda

കളമശേരി: വണ്ടി വാടകയും ഇന്ധനത്തിനും കാശ് മുടക്കേണ്ട. മൈക്ക് അനൗൺസ്മെന്റിനാണേൽ പത്ത് പൈസ നൽകണ്ട. എങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് പ്രചാരണ വാഹനം ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ റോഡിലൂടെയല്ലെന്ന് മാത്രം.വാഹനത്തിലൂടെയുള്ള മൈക്ക് അനൗൺസ്മെന്റ് വീഡിയോകളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇങ്ങനെ നിർത്താതെ ഓടുന്നത്. സാധാരണ പ്രചരണ വാഹനങ്ങൾ കളത്തിൽ ഇറക്കുന്നതിനേക്കാൾ ചെലവ് കുറവാണ് ഇത്തരം വീഡിയോ നിർമ്മിക്കുന്നത്. മാത്രമല്ല, കൂടുതൽപ്പേരിലേക്ക് സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇതിലൂടെ കഴിയും. മുന്നണികൾ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് കാലത്തെ ഇലക്ഷൻ പ്രചരണങ്ങളിൽ വേറിട്ട് നിൽക്കുന്നതാണ് ഗ്രാഫിക്സിന്റെ സഹായത്തോടെ നിർമ്മിച്ച ഇത്തരം വീഡിയോകൾ. മൂന്ന് മുന്നണികളും വോട്ട് ഉറപ്പിക്കാൻ ഇത്തരം ഗ്രാഫിക്സ് വാഹനങ്ങൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഓടിക്കുന്നുണ്ട്.

കളമശേരിയിൽ എൻ.ഡി.എ.യുടെ പ്രചരണ വിഭാഗം ജില്ലാ കൺവീനർ സുനിൽകുമാറാണ് മുന്നണിക്കായി ഗ്രാഫിക്സ് പ്രചരാണ വാഹനം നിർമ്മിച്ചത്. കാറ്റിൽ വീശിയാടുന്ന കൊടി. വാഹനത്തെ പൊതിഞ്ഞുള്ള സ്ഥാനാർത്ഥിയുടെ ഫ്ലക്സ്. എന്തിന് സാധാരണ ഇത്തരം വണ്ടികളുടെ മുന്നിൽ ഘടുപ്പിക്കുന്ന ജനറേറ്റർ വരെ ചേർത്താണ് ഗ്രാഫിക്സ് വീഡിയോകൾ നിർമ്മിച്ചിരിക്കുന്നത്.