high-court

കൊച്ചി : തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആ പാർട്ടിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തത് ജനാധിപത്യ അധാർമ്മികതയാണെന്നും ഇത്തരത്തിൽ പെരുമാറുന്നതു തടയാൻ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി അനിവാര്യമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

തിരുവല്ല നഗരസഭാദ്ധ്യക്ഷൻ കെ.വി. വർഗീസിനെ അയോഗ്യനാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ശരിവച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു പറഞ്ഞത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം രണ്ടര വർഷം വീതം പങ്കിട്ടെടുക്കാനാണ് കോൺഗ്രസും കേരള കോൺഗ്രസും തീരുമാനിച്ചിരുന്നത്. ഇതിൽ കോൺഗ്രസിന്റെ ഉൗഴത്തിൽ 15 മാസം കെ.വി. വർഗീസും ശേഷിക്കുന്ന 15 മാസം ആർ. ജയകുമാറും ചെയർമാൻ സ്ഥാനം വഹിക്കണമെന്നായിരുന്നു പാർട്ടി നിർദ്ദേശം. കാലാവധി കഴിഞ്ഞിട്ടും വർഗീസ് മാറാൻ തയ്യാറായില്ല. തുടർന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയത്. പാർട്ടിയുടെ നിർദ്ദേശം പാലിക്കാതിരുന്നത് കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമ്മിഷൻ കെ.വി. വർഗീസിനെ അയോഗ്യനാക്കിയത്. ഇതിനെതിരെ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളി. അപ്പീലാണ് ഡിവിഷൻബെഞ്ചും തള്ളിയത്.

 ഹൈക്കോടതി പറയുന്നു

തിരഞ്ഞെടുക്കപ്പെട്ട വ്യക്തി താൻ അംഗമായ പാർട്ടിയുടെ നിർദ്ദേശം പാലിക്കാത്തത് കൂറുമാറ്റമാണ്. ഇതിനെതിരെ നടപടിയെടുത്താലേ ജനാധിപത്യക്രമവും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാനാവൂ. ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു ജയിക്കുന്ന വ്യക്തി ആ പാർട്ടിയോടു കൂറു കാണിക്കണമെന്നാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. ഇതു തന്നെയാണ് ജനാധിപത്യ ഭരണക്രമത്തിന്റെ മുഖമുദ്ര‌യും.