കൊച്ചി: സ്ഥാനമൊഴിയുംമുമ്പ് കോർപ്പറേഷനിലെ ചില ഫയലുകൾ മുൻ മേയർ സൗമിനി ജെയിൻ വീട്ടിൽ കൊണ്ടുപോയതായി പരാതി. ജില്ലാ കളക്ടർ കോർപ്പറേഷൻ ഭരണച്ചുമതല ഏറ്റതോടെ ഫയലുകളിൽ ചിലത് മേയറുടെ സ്റ്റാഫ് കോർപ്പറേഷന്റെ ജീപ്പിൽ രഹസ്യമായി തിരികെ കൊണ്ടുവന്നതു കണ്ടെന്നും കളക്ടർക്ക് പരാതി ലഭിച്ചു.
മേയറുടെ സ്റ്റാഫായിരുന്ന കൗൺസിൽ ക്ലർക്കും ടൈപ്പിസ്റ്റും ചൊവ്വാഴ്ച രാത്രി ഏഴരയോടെ കോർപ്പറേഷന്റെ ജീപ്പിൽ ചില ഫയലുകൾ കൊണ്ടുവന്നെങ്കിലും ഓഫീസിനു മുന്നിൽ ആളുകളെകണ്ട് തിരിച്ചുപോയതായി സി.പി.എം സെൻട്രൽ ലോക്കൽ സെക്രട്ടറി എൻ.കെ. പ്രഭാകരനായ്ക് ഇന്നലെ കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കോർപ്പറേഷന്റെ ഭരണച്ചുമതലയുള്ള കളക്ടറുടെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ഫയലുകൾ പുറത്തുകൊണ്ടുപോകാൻ പാടില്ലാത്തതാണ്. കോർപ്പറേഷന്റെ പല പദ്ധതികൾക്കെതിരെയും വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഓഫീസിലെയും മേയറുടെ ഓഫീസിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രഭാകരനായ്ക് പരാതിയിൽ ആവശ്യപ്പെട്ടു.