ആലുവ: സീറ്റ് വിഭജനത്തെ തുടർന്നുള്ള തർക്കത്തിൽ മുഖം തിരിച്ചുനിന്ന സി.പി.ഐയെ ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വരുതിയിലാക്കിയിട്ടും പത്രിക സമർപ്പണ ദിവസം വീണ്ടും സി.പി.എമ്മിന്റെ ചതി. 'ബോധം കെട്ടവന്റെ തലയിൽ വീണ്ടും കോടാലിക്ക് അടിക്കുന്ന' അവസ്ഥയാണ് ഇപ്പോൾ ആലുവയിൽ സി.പി.ഐയുടേത്.
2015ൽ തിരഞ്ഞെടുപ്പിന് ശേഷമാണ് വല്യേട്ടൻ ചതിച്ചതെങ്കിൽ ഇക്കുറി പത്രിക സമർപ്പണത്തോടെ തനി സ്വരൂപം പുറത്തായെന്ന് മാത്രമാണ് സി.പി.ഐ പ്രവർത്തകർ പറയുന്നത്.
പഞ്ചായത്തിൽ ആകെയുള്ള 19 വാർഡിൽ 16 ഇടത്ത് സി.പി.എമ്മും മൂന്നിടത്ത് സി.പി.ഐയുമാണ് മത്സരിച്ചത്. 7,13,16 വാർഡുകളിലാണ് സി.പി.ഐ മത്സരിച്ചിരുന്നത്. പുറമെ ഒരു ബ്ളോക്ക് ഡിവിഷനും. ഇക്കുറി 16 -ാം വാർഡ് സി.പി.എം ആവശ്യപ്പെട്ടു. തർക്കം മുറുകിയപ്പോൾ ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിച്ചു. 16 സി.പി.എം ഏറ്റെടുത്ത് എട്ട് സി.പി.ഐക്ക് വിട്ടു നൽകാനായിരുന്നു തീരുമാനം. വിജയസാധ്യത കുറഞ്ഞതും സി.പി.ഐ പ്രവർത്തകർ കാര്യമായില്ലാത്തതിനാലും നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് സമ്മതിച്ചത്.
ബ്ളോക്ക് പഞ്ചായത്തംഗം അസീസ് എടയപ്പുറത്തിനെ സി.പി.ഐ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു. പ്രചരണവും ആരംഭിച്ചു. ഇതിനിടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മുൻ മെമ്പർ റബലായി രംഗത്തുവന്നപ്പോൾ ഇടത് പക്ഷത്ത് വിജയപ്രതീക്ഷയായി. അതോടെ പ്രാദേശിക സി.പി.എം പ്രവർത്തകർ സി.പി.ഐ സ്ഥാനാർത്ഥി പറ്റില്ലെന്നായി. പ്രവർത്തനത്തിൽ നിന്ന് മുഴുവൻ പേരും വിട്ടുനിന്നു. സ്ഥാനാർത്ഥി ഒറ്റക്കായി. വിവരം സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. എന്തായാലും മത്സരരംഗത്ത് തുടരാൻ സി.പി.ഐ തീരുമാനിച്ചതോടെ കോൺഗ്രസ് അനുഭാവിയെ സ്വതന്ത്രനാക്കാൻ സി.പി.എം നീക്കം തുടങ്ങി. പ്രശ്നപരിഹാരത്തിന് പാർട്ടി സ്ഥാനാർത്ഥിയെ പിൻവലിച്ച് സി.പി.ഐ സ്വതന്ത്രൻ എന്ന നിലയിൽ എഗ്രിമെന്റുണ്ടാക്കി മത്സരിപ്പിക്കാൻ സി.പി.ഐ സന്നദ്ധമായി. പത്രിക സമർപ്പണത്തിന് ശേഷം സ്വതന്ത്രൻ എഗ്രിമെന്റിൽ ഒപ്പിടില്ലെന്നായതോടെ സി.പി.ഐ വീണ്ടും വെട്ടിലായി.
ഇതേതുടർന്ന് അസീസ് എടയപ്പുറത്തെ മാറ്റി ലോക്കൽ കമ്മിറ്റിയംഗം ജെറി വർഗീസിനെ ഇന്നലെ സ്ഥാനാർത്ഥിയാക്കി പത്രികയും നൽകി. സ്വതന്ത്രൻ സി.പി.ഐയുമായി എഗ്രിമന്റിന് വഴങ്ങിയാൽ ജെറി വർഗീസ് പത്രിക പിൻവലിക്കും. അല്ലെങ്കിൽ മത്സരിക്കും. മറ്റ് വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികളുടെ പരാജയമായിരിക്കും സി.പി.ഐയുടെ ലക്ഷ്യം. സി.പി.ഐയുടെ വൈകശമിരുന്ന എരുമത്തല ബ്ളോക്ക് ഡിവിഷനിൽ ഇക്കുറി എഗ്രിമെന്റ് പ്രകാരം സി.പി.എം അനുഭാവിയെയാണ് സ്വതന്ത്രസ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.
2015ലെ ചതിയിങ്ങനെ
ധാരണ പ്രകാരം സി.പി.ഐക്ക് ലഭിച്ച 13 -ാം വാർഡിൽ മത്സരിച്ച വനിത സി.പി.ഐ യുടെ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്ന് ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. നേരത്തെ ഇവർ സി.പി.എം അനുഭാവിയായിരുന്നു. സി.പി.ഐ മത്സരിച്ച മൂന്ന് സീറ്റിൽ ജയിച്ചത് 13ൽ മാത്രമാണ്. സത്യപ്രതിജ്ഞ ചെയ്യും മുമ്പേ സി.പി.എം പ്രതിനിധികളുടെ പട്ടികയിൽ സി.പി.ഐ പ്രതിനിധിയെയും ഒപ്പു വയ്പ്പിച്ചു. അതോടെ ഏക അംഗവും നഷ്ടപ്പെട്ടു. ആ ചതി ഇപ്പോഴും സി.പി.ഐക്കാരുടെ മനസിൽ നിന്നും വിട്ടു പോയിട്ടില്ല.