കിഴക്കമ്പലം: കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ മുറ്റത്ത് വിജയഗാഥ കുറിച്ച ട്വന്റി 20 കൂട്ടായ്മ സമീപ പഞ്ചായത്തുകളിലേക്കുമിറങ്ങുന്നു. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അന്ന, കിറ്റെക്സ് ഗ്രൂപ്പുകളുടെ സാരഥികളിലൊരാളായ സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ട്വന്റി 20 രൂപീകരിച്ചത്. രാഷ്ട്രീയകക്ഷി സ്ഥാനാർത്ഥികളെ പിഴുതെറിഞ്ഞ് 19ൽ 17സീറ്റ് പിടിച്ചെടുത്തായിരുന്നു അരങ്ങേറ്റം.
ഭരണത്തിലെ പ്രൊഫഷണത്തിലൂടെ കിഴക്കമ്പലത്ത് മിന്നും ജയം സ്വന്തമാക്കിയ ശേഷമാണ് ട്വന്റി 20 രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലേക്ക് കടക്കുന്നത്. ഇക്കുറി മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കി. ഇവിടെ 25,248 കുടുംബങ്ങളിലെ 1.08 ലക്ഷം ട്വന്റി 20യിൽ അംഗത്വവുമെടുത്തു. കിഴക്കമ്പലത്തെ 8,738 കുടുംബങ്ങളിലെ 35,586 അംഗങ്ങളെ കൂടാതെയാണിത്. ഇതുവരെ 1.44 ലക്ഷം പേർ ട്വന്റി 20 കുടുംബത്തിലുണ്ടെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു.
ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും കുന്നത്തുനാട് പഞ്ചായത്തിലെ 16ലും വെങ്ങോല പഞ്ചായത്തിലെ 11ലും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 7, വാഴക്കുളത്ത് 4 ഡിവിഷനുകളിലും പത്രിക സമർപ്പിച്ചു. എല്ലാ പഞ്ചായത്തുകളിലും മൂന്നുമുന്നണികൾക്കും കാതങ്ങൾ മുന്നേ പ്രചാരണവും തുടങ്ങി. മേഖലയിലെ രാഷ്ട്രീയപാർട്ടികളുടെ നിലനില്പുപോലും അപകടത്തിലാകുന്ന വിധമാണ് ട്വന്റി 20യുടെ മുന്നേറ്റം.
സംസ്ഥാനത്ത് നിരവധി പഞ്ചായത്തുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലും 'കിഴക്കമ്പലം മോഡൽ" പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. വേറെ സംഘടനകളാണ് ഇതേമാതൃക പിന്തുടർന്ന് പോരാട്ടത്തിനൊരുങ്ങുന്നത്. കിഴക്കമ്പലത്തെത്തി കാര്യങ്ങൾ പഠിച്ചാണ് ഇവർ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
കിഴക്കമ്പലത്ത് സമാനതകളില്ലാത്ത വികസനം
ആധുനികനിലവാരമുള്ള റോഡുകൾ, കുടിവെള്ള പദ്ധതികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, ലക്ഷംവീടുകളെ ലക്ഷ്വറി വീടുകളാക്കിയ പദ്ധതി, എല്ലാ കുടുംബങ്ങൾക്കും പകുതിയിലധികം വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ നൽകാൻ മാർക്കറ്റ്, പാവപ്പെട്ടവർക്ക് വീടുകൾ, മുഴുവൻ വീടുകളിലും ശൗചാലയ, ഹൈടെക് സർക്കാർ സ്‌കൂളുകൾ, ആയിരത്തിലേറെ ഏക്കർ തരിശുനിലങ്ങളിൽ കൃഷി, പഞ്ചായത്ത് ഓഫീസിനും പ്രവർത്തനങ്ങൾക്കും ആധുനികമുഖം അങ്ങനെ പോകുന്നു കിഴക്കമ്പലം മാതൃക.