sivasankar

കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി.

സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽനിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതാണെന്ന നിഗമനത്തിലാണ് ഇ.ഡി അന്വേഷണം. സ്വർണക്കടത്തുമായോ കള്ളപ്പണവുമായോ തനിക്കു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വസ്തുതകൾ അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു.

പ്രളയകാലത്ത് യു.എ.ഇ സർക്കാർ നിരവധി സാമ്പത്തിക സഹായങ്ങൾ സംസ്ഥാന സർക്കാരിന് വാഗ്ദാനം ചെയ്തിരുന്നു. ഒൗദ്യോഗിക ചുമതലയുടെ ഭാഗമായി ഇതിനുവേണ്ടി യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ യു.എ.ഇ കോൺസുലേറ്റിലെ സെക്രട്ടറിയായിരുന്ന സ്വപ്‌നയുമായി അടുപ്പമുണ്ടായിരുന്നു. സ്വപ്നയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ ശേഖരിച്ച അന്വേഷണസംഘം നിരവധി തവണ ചോദ്യംചെയ്തിരുന്നെന്നും ഹർജിയിൽ പറയുന്നു. ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ശിവശങ്കർ നൽകിയ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നവംബർ 17ന് തള്ളിയിരുന്നു. ഹൈക്കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചേക്കും.

ഹർജിയിലെ വാദങ്ങൾ

*എട്ട് തവണ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിലും കേസിൽ തന്നെക്കുറിച്ച് പറയുന്നില്ല. ഇ.ഡിയുടെ കുറ്റപത്രത്തിലും പരാമർശമില്ല. തനിക്കെതിരെ തെളിവില്ലാത്തത് കോടതിയിൽ ബുദ്ധിമുട്ടായപ്പോഴാണ് ,തനിക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്.

*സ്വർണക്കടത്തിലെ കള്ളപ്പണത്തെക്കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാലിപ്പോൾ,പ്രളയ ദുരിതാശ്വാസ പദ്ധതികളിൽ നിന്നുള്ള കോഴയാണ് സ്വപ്നയുടെ ലോക്കറിൽനിന്ന് കണ്ടെടുത്തതെന്ന് പറയുന്നു.

*സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയെന്നാണ് ആരോപണം. ഇതുനടന്നത് 2018 ലാണ്. അന്ന് ലൈഫ് മിഷൻ പദ്ധതി ഉണ്ടായിരുന്നില്ല. സ്വർണക്കടത്തും ഇതിനുശേഷമാണ്.

* സർക്കാരിന്റെ ഇ - ടെൻഡർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ആർക്കും വിവരങ്ങൾ അറിയാനാവുമെന്നിരിക്കെ, പദ്ധതിയുടെ വിവരങ്ങൾ സ്വപ്നയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണം ശരിയല്ല. 15 ദിവസം ഇ.ഡി കസ്റ്റഡിയിൽ ചോദ്യംചെയ്തു. ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കടുത്ത നടുവേദനയുണ്ട്. ആശുപത്രിയിൽ നിന്ന് ബലംപ്രയോഗിച്ച് ഡിസ്ചാർജ് ചെയ്താണ് അറസ്റ്റു ചെയ്തത്.