kochi

കൊച്ചി :എറണാകുളം മാർക്കറ്റ് നവീകരണത്തിന്റെ രണ്ടാം ഘട്ടമായി മാർക്കറ്റിൽ നിന്ന് റോഡിലേക്ക് ഒരു ആകാശ നടപ്പാത നിർമ്മിക്കും. ഇതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി പ്രതീക്ഷിക്കുന്നതായി കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ.) സി.ഇ.ഒ. ജാഫർ മാലിക് പറഞ്ഞു.

പാർക്കിംഗിന് സ്ഥലം നൽകാം, പണം നേടാം
കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ (കെ.എം.ടി.എ.) നേതൃത്വത്തിൽ പാർക്കിംഗുമായി ബന്ധപ്പെട്ട നയരൂപവത്ക്കരണവും പരിഗണിക്കുന്നുണ്ട്. സ്വന്തം സ്ഥലം പേ ആൻഡ് പാർക്കിന് നൽകാൻ താത്പര്യമുള്ള വ്യക്തികൾക്ക് മുന്നോട്ടുവരാം. ഈ സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തി ആപ് തയ്യാറാക്കും. ഇതിൽ നിന്നുള്ള പാർക്കിംഗ് വരുമാനത്തിന്റെ പങ്ക് കെ.എം.ടി.എയ്ക്ക് ലഭിക്കുമെന്ന് അതോറിട്ടി സി.ഇ.ഒ. കൂടിയായ അദ്ദേഹം പറഞ്ഞു.

കാൽനടയ്ക്ക് തെരുവ്

കാൽനടയാത്രയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പി.ടി. ഉഷ റോഡിൽ വാക്കിംഗ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കും. വൈകിട്ട് ആറു മുതൽ രാത്രി 12 വരെ ആളുകൾക്ക് ഇവിടെ സമയം ചെലവഴിക്കാം. ഈസമയത്ത് വാഹന ഗതാഗതം നിരോധിക്കും. സാംസ്‌ക്കാരിക പരിപാടികൾ അരങ്ങേറും. വാഹന ഗതാഗതം രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയായി പരിമിതപ്പെടുത്തും.

സൈക്കിൾ ട്രാക്ക്

സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്‌മാർട്ട് റോഡുകളിലെല്ലാം സൈക്കിൾ ട്രാക്കുകളുണ്ടാകും. സ്‌മാർട്ട് മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതികളിൽ 75 ശതമാനം പദ്ധതികളും അന്തിമ ഘട്ടത്തിലാണ്. കൊവിഡ് മൂലമാണ് പദ്ധതി പൂർത്തീകരണം വൈകിയത്.

മാലിന്യ സംസ്‌കരണ പ്ലാന്റ് തുക പാഴാകും

ഫോർട്ടുകൊച്ചിയിലെ കുന്നുംപുറത്ത് വിഭാവനം ചെയ്ത അത്യാധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 166 കോടിയുടെ പദ്ധതിയാണ്. എതിർപ്പ് തുടർന്നാൽ പദ്ധതി തുക പാഴാകും. സി.എസ്.എം.എല്ലിന്റെ ഒന്നാം ഘട്ട പദ്ധതികളിൽ ഏറ്റവും വലുതാണിത്. വലിയൊരു മേഖലയിലെ മാലിന്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ പദ്ധതി വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പുതുവർഷത്തിൽ ഏഴ് പുതിയ പദ്ധതികൾ

പുതിയ വർഷത്തിൽ ഏഴ് പദ്ധതികൾ കൊച്ചിയ്ക്ക് സമ്മാനമായി ലഭിക്കും. ടാറ്റ കനാൽ മുതൽ കെട്ടുവള്ളം പാലം വരെ മറൈൻഡ്രൈവ് വികസനപദ്ധതി, ഡച്ച് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിലെ ജോലികൾ, ഫോർട്ടുകൊച്ചിയിലെ ഓപ്പൺ എയർ തിയേറ്റർ, വാസ്‌കോഡ ഗാമ സ്‌ക്വയർ നവീകരണം, സ്‌മാർട്ട് റോഡ്, 25 മറ്റു റോഡുകൾ, പശ്ചിമകൊച്ചിയിലെ 15 റോഡുകൾ എന്നിവയാണിത്. ഇവയെല്ലാം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡർബാർ ഹാൾ, പാർക്ക് അവന്യൂ സ്‌മാർട്ട് റോഡുകൾ, എറണാകുളത്തെ 15 റോഡുകൾ, ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ആശുപത്രി ബ്ലോക്ക്, സ്‌മാർട്ട് സിറ്റി മേഖലകളിലെ പൊതുവിടങ്ങളുടെ വികസനം തുടങ്ങിയവയെല്ലാം അടുത്തവർഷം മാർച്ചിൽ പൂർത്തിയാക്കുമെന്നും ജാഫർ മാലിക്ക് പറഞ്ഞു.