francise-thomas
ഫ്രാൻസിസ് തോമസും ഭാര്യ എലിസബത്ത് തോമസും

ഇരുവരും മത്സരിക്കുന്നത് രണ്ട് വാർഡുകളിലായി

മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ട് വർഷം ചെയർമാനുമായി

ഭർത്താവിന്റെ ആറാം അങ്കം, ഭാര്യ കന്നിക്കാരി

സ്വതന്ത്ര സ്ഥാനാർത്ഥികൾ

ആലുവ: ആലുവ കുന്നുംപുറം റോഡിൽ കൊല്ലമാംപറമ്പിൽ ഫ്രാൻസിസ് തോമസും ഭാര്യ എലിസബത്ത് ഫ്രാൻസിസും ഇന്ന് മുതൽ രണ്ട് വഴിയിലായിരിക്കും സഞ്ചാരം. രണ്ട് പേരും നഗരസഭ കൗൺസിലിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്. രണ്ട് പേർക്കും പരസ്പരം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിക്കണമെന്നുണ്ടെങ്കിലും രണ്ട് വാർഡുകളിലായതിനാൽ കഴിയാത്തതിന്റെ വിഷമത്തിലാണ്.താലൂക്ക് ആശുപത്രി വാർഡ് 20ൽ ഫ്രാൻസിസ് തോമസും ലൈബ്രറി വാർഡ് 10ൽ എലിസബത്ത് ഫ്രാൻസിസും സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകി.ഫ്രാൻസിസ് തോമസിന്റേത് ആറാമത്തെ അങ്കമാണെങ്കിൽ എലിസബത്ത് കന്നിക്കാരിയാണ്.കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ് ഫ്രാൻസിസ് തോമസിന്റേത്. ജേഷ്ഠസഹോദരൻ നേരത്തെ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു. മറ്റൊരാൾ നഗരസഭ കൗൺസിലറുമായിരുന്നു. ഇവരിൽ നിന്നെല്ലാം ലഭിച്ച പൊതുപ്രവർത്തന സമ്പത്താണ് ഫ്രാൻസിസ് തോമസിന്റെ കൈമുതൽ. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. പക്ഷെ തന്നെ വേണ്ടാത്ത കോൺഗ്രസുകാരെ തനിക്കും വേണ്ടെന്ന് ഫ്രാൻസിസ് തോമസ് പറയുന്നു.

ഫ്രാൻസിസിന്റെ ആറാം അങ്കം

നേരത്തെ അഞ്ച് വട്ടവും ഫ്രാൻസിസ് തോമസ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മൂന്ന് വട്ടം വിജയിച്ചു. 2015ൽ ഒരു വോട്ടിനാണ് കോൺഗ്രസ് റബലിനോട് പരാജയപ്പെട്ടത്. 1998ലാണ് കന്നിക്കാരനായി ആദ്യം മത്സരിച്ചു. 90 മുതൽ രണ്ട് വർഷം ഒരു വിഭാഗം കോൺഗ്രസിന്റെയും പ്രതിപക്ഷാംഗങ്ങളുടെയും പിന്തുണയോടെ ചെയർമാനായി. രണ്ടാഴ്ച്ചക്കകം വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോൺഗ്രസുകാർ പാലം വലിച്ചെങ്കിലും അക്കാലത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന വയലാർ രവിയുടെ നിർദ്ദേശത്തെ തുടർന്ന് രാജിവെയ്ക്കാതെ ചെയർമാൻ സ്ഥാനത്ത് തുടർന്നു. 2000ൽ നഗരസഭ വൈസ് ചെയർമാൻ മാധവകുമാറിനെ പരാജയപ്പെടുത്തി വീണ്ടും കൗൺസിലിലെത്തി. 2005ലും വിജയം ആവർത്തിച്ചു. 2010ൽ തന്നെ തോൽപ്പിക്കാൻ വാർഡ് പുനർനിർണയിച്ചുവെന്ന് ഫ്രാൻസിസ് തോമസ് പറയുന്നു. തുടർന്ന് 2010ൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

2015ൽ മുനിസിപ്പൽ ലൈബ്രറി വാർഡിൽ ഒരു വോട്ടിനാണ് തോറ്റത്. ഇക്കുറി ഈ വാർഡ് വനിത സംവരണമായതിനാൽ നാട്ടുകാരുടെ ആവശ്യപ്രകാരം ഭാര്യ എലിസബത്തിനെ സ്ഥാനാർത്ഥിയാക്കി.