കൊച്ചി: പ്രമുഖ ഐ.ടി. സ്ഥാപനമായ ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ) ദൗത്യമായ കാൻഡിലിന്റെ ഭാഗമായി കൊച്ചിയിലെ രണ്ട് പുനരധിവാസ കേന്ദ്രങ്ങളിലെ നൂറോളം കുട്ടികൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണം, കുമിൾകൃഷി, പിസ നിർമ്മാണം തുടങ്ങിയവയിൽ നൈപുണ്യ, വിദ്യാഭ്യാസ പരിശീലനം നൽകി. ഡോൺ ബോസ്‌കോ വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ ആൺകുട്ടികൾക്കും വാത്സല്യഭവനിലെ പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകിയത്.
കൊവിഡ് മൂലം സ്‌കൂളിൽ പോകാനാകാത്ത കുട്ടികൾക്ക് പ്രായോഗിക അറിവുകളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനുള്ള നൈപുണ്യ പരിശീലനമാണ് കാൻഡിൽ എൻലൈറ്റ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഡോൺബോസ്‌കോ വെൽഫെയർ സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാദർ തോമസ് പി.ഡിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്‌നേഹഭവനിലെ ആൺകുട്ടികൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മിക്കാൻ മൂന്നു ദിവസത്തെ പരിശീലനം നൽകി. മുതിർന്ന ആൺകുട്ടികൾക്ക് പാൽകുമിൾ കൃഷിയിലും മുത്തുച്ചിപ്പികുമിൾ കൃഷിയിലും പരിശീലനം നൽകി. പിസ തയ്യാറാക്കാൻ നത്തിന് പ്രൊഫഷണൽ ഷെഫ് നേതൃത്വം നൽകി.
ഇരു സ്ഥാപനങ്ങളിലേയും കുട്ടികൾക്ക് ചിത്രരചന, നൃത്തം, സംഗീതം എന്നിവയിൽ പരിശീലനം നൽകി. പഠന വിഷയങ്ങളിൽ കുട്ടികൾക്ക് ട്യൂഷനും ലഭ്യമാക്കുന്നുണ്ട്. എൻലൈറ്റിൽ പുഷ്പക്കൃഷി, മത്സ്യകൃഷി, കേക്ക് ജാം സ്‌ക്വാഷ് നിർമ്മാണം എന്നിവയിലുള്ള പരിശീലനം തുടരും. പരിശീലനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ഐ.ബി.എസ് സോഫ്റ്റ് വെയർ സി.എസ്.ആർ മേധാവി വിനോദ് തോമസ് പറഞ്ഞു.