കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി മുല്ലശേരി കനാൽ ഉൾപ്പെടെയുള്ളവയുടെ നവീകരണ പ്രവർത്തനങ്ങൾ ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലുൾപ്പെടുത്തി ചെയ്യുന്നതിനായി 4.88 കോടി രൂപ നഗരസഭയുടെ പ്ളാൻഫണ്ടിൽനിന്ന് എങ്ങനെ കൈമാറാനാകുമെന്ന് അറിയിക്കാൻ ജില്ലാ പ്ളാനിംഗ് കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. തദ്ദേശഭരണ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നത് ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കനാൽ നവീകരണത്തിനായി 4.88കോടി രൂപ നൽകാമെന്ന് നഗരസഭ സമ്മതിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തുകകൈമാറാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നഗരസഭയുടെ തനതുഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ ഹർജികൾ വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ നഗരസഭയുടെ തനതുഫണ്ടിൽ മൂന്നുകോടി രൂപമാത്രമാണുള്ളതെന്ന് നഗരസഭയുടെ അഭിഭാഷകൻ വ്യക്തമാക്കി. കൊച്ചി കോർപ്പറേഷനിലെ ഭരണപരമായ കാര്യങ്ങൾക്ക് പ്രതിമാസം 11കോടി രൂപ ആവശ്യമുള്ളതിനാൽ ഇൗ തുക നൽകാനാവില്ലെന്നും വിശദീകരിച്ചു. തുടർന്നാണ് പ്ളാൻഫണ്ടിൽനിന്ന് തുക കൈമാറുന്നതിന്റെ സാദ്ധ്യത കോടതി പരിശോധിക്കുന്നത്. ഹർജികൾ ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

 പ്ളാൻഫണ്ടിന്റെ തടസം

നഗരസഭയുടെ പ്ളാൻഫണ്ടിൽനിന്ന് പണം നൽകണമെങ്കിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ പ്ളാനിംഗ് കമ്മിറ്റിയുടെ അനുമതിവേണം. തിരഞ്ഞെടുപ്പിനെത്തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ജില്ലാ പ്ളാനിംഗ് കമ്മിറ്റിക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. എന്നാൽ കോടതിയുടെ നിർദേശമുണ്ടെങ്കിൽ ഇതു സാദ്ധ്യമാകുമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ജില്ലാ പ്ളാനിംഗ് കമ്മിറ്റിക്ക് നിർദേശം നൽകിയത്.