കൊച്ചി : തിരുനക്കരയിലെ അരനൂറ്റാണ്ടു പഴക്കമുള്ള ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നവീകരണ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കി മാർച്ച് 31നകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. തകർന്നു വീഴാറായ കെട്ടിടം പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി മഹേഷ് വിജയൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോട്ടയം നഗരസഭയുടെ 2020 - 21ലെ പ്ളാൻ ഫണ്ടിൽ 50 ലക്ഷം രൂപ ഇതിനായി വകയിരുത്തിയെങ്കിലും വർക്ക് ഒാർഡർ നൽകുകയോ ടെൻഡർ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും നഗരസഭ അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് ഇലക്ഷൻ കമ്മിഷനും കോടതിയിൽ അറിയിച്ചു. തുടർന്നാണ് കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങാൻ അനുമതിതേടി വിദഗ്ദ്ധസമിതി റിപ്പോർട്ടും കോടതിയുടെ ഉത്തരവിന്റെ പകർപ്പും സഹിതം പത്തുദിവസത്തിനകം തിരഞ്ഞെടുപ്പു കമ്മിഷന് നഗരസഭ അപേക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ അപേക്ഷയിൽ തീരുമാനമെടുക്കണം. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന്റെ ഭരണാനുമതി വാങ്ങി പണി തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു.