കൊച്ചി : തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിചാരണയുടെ ഭാഗമായി 11 പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ കോടതി നവംബർ 27 ലേയ്ക്ക് മാറ്റി. വീഡിയോ കോൺഫറൻസ് മുഖേനയാണ് വിചാരണ നടപടികൾ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ നടന്നുവന്നത്.കേസിൽ ജയിലിൽ കഴിയുന്ന എം.കെ. നാസർ, ഷെഫീഖ്, നജീബ് എന്നീ പ്രതികൾ തങ്ങൾക്കു കോടതിയിൽ നേരിട്ട് ഹാജരാകാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതി നടപടികൾ നവംബർ 27 ലേക്ക് മാറ്റിയത്. ജാമ്യത്തിലുള്ള മറ്റൊരുപ്രതി തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഹാജരാകാൻ കൂടുതൽ സമയംവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി പരിഗണിച്ചു. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് ആരോപിച്ച് 2010 ജൂലായ് ആറിനാണ് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. തുടർന്ന് 31 പ്രതികളുള്ള കേസിൽ 13 പ്രതികൾക്ക് വിചാരണ നടത്തി കോടതി ശിക്ഷവിധിച്ചിരുന്നു. പിന്നീട് 2015നു ശേഷം അറസ്റ്റിലായ 11 പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി സവാദിനുവേണ്ടി കോടതി പുതിയ ജാമ്യമില്ളാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.