കൊച്ചി: അനുരഞ്ജനശ്രമങ്ങളെല്ലാം തള്ളിക്കളഞ്ഞ് സ്വതന്ത്രൻമാർ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായതോടെ കൊച്ചി കോർപ്പറേഷൻ പിടിക്കാനിറങ്ങിയ രാഷ്ട്രിയ പാർട്ടികൾ അങ്കലാപ്പിൽ. മുൻ മേയർ കെ.ജെ.സോഹൻ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.അഷ്റഫ്, ഗ്രേസി ജോസഫ്, മുൻ കൗൺസിലർ ഡെലീന പിൻഹെയ്റോ എന്നിവരാണ് എന്നിവരാണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കുന്നത്.

ശക്തമായ സ്വാധീനമാകും: കെ.ജെ.സോഹൻ

1979 ൽ ജനതാദള്ളിന്റെ കൊടിക്കീഴിൽ കൗൺസിലറായെത്തിയ കെ.ജെ.സോഹൻ ഒരു വർഷം കൊച്ചി കോർപ്പറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. 26 വർഷം കൗൺസിലറായി പശ്ചിമകൊച്ചിയിൽ നിറഞ്ഞുനിന്ന സോഹൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി 27ാം ഡിവിഷനിൽ മത്സരിക്കുന്നു. തന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനതാദള്ളിന് ഒരു സീറ്റ് പോലും നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വമ്പൻ പദ്ധതികളെ എതിർത്തതോടെ താൻ പലരുടെയും കണ്ണിലെ കരടായെന്ന് സോഹൻ പറയുന്നു.സി.പി.എമ്മിന്റെ ചില പ്രവർത്തനങ്ങളെ വിമർശിച്ചതും അവർക്ക് സഹിച്ചില്ല. തന്റെ സ്ഥാനാർത്ഥിത്വം സമീപ ഡിവിഷനുകളിലും ചലനങ്ങൾ സൃഷ്‌ടിക്കുമെന്ന് കെ.ജെ.സോഹൻ മുന്നറിയിപ്പ് നൽകി.

ജനങ്ങൾ ഒപ്പമുണ്ട്: ഗ്രേസി ജോസഫ്

കൗൺസിലറെന്ന നിലയിൽ പത്തു വർഷം നടത്തിയ പ്രവർത്തനങ്ങൾ വോട്ടുകളാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗ്രേസി ജോസഫ്. കന്നിയങ്കത്തിൽ വിജയം സമ്മാനിച്ച കലൂർ സൗത്ത് ഡിവിഷനിലാണ് ഇക്കുറി പോരാട്ടം. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി രാജി വയ്ക്കണമെന്ന കോൺനേതൃത്വത്തിന്റെ അന്ത്യശാസനം ധിക്കരിച്ചതിന്റെ ഫലമായാണ് അവർക്ക് സീറ്റ് നഷ്‌ടപ്പെട്ടത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് മാപ്പെഴുതി കൊടുത്ത് പ്രശ്നം പരിഹരിക്കാൻ ഗ്രേസി ശ്രമിച്ചെങ്കിലും നേതൃത്വം അയഞ്ഞില്ല. ഇടതുമുന്നണി സീറ്റ് നൽകാൻ സമ്മതം അറിയിച്ചെങ്കിലും അവർ വേണ്ടെന്നുവച്ചു. ഗ്രേസിക്ക് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ പിന്നീട് സി.പി.എം സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി. റെസിഡന്റ്സ് അസോസിയേഷനുകളുടെയും ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്ന് ഗ്രേസി പറയുന്നു.

നേതൃത്വത്തോട് പ്രതിഷേധിച്ച് ടി.കെ.അഷ്‌റഫ്

മുസ്‌ളീം ലീഗ് നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ടി.കെ.അഷ്റഫ് രണ്ടാം ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കുകയാണ്. എല്ലാ ഡിവിഷനുകളിലും ലീഗ് വിമതരുണ്ട്. നേതാക്കളുടെ ഇഷ്‌ടക്കാർക്ക് സീറ്റ് നൽകിയെന്നാണ് അഷ്‌റഫിന്റെ പ്രധാന ആരോപണം.

യു.ഡി.എഫ് സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ചാണ് ഡെലീന പിൻഹെയ്റോ പോരാട്ടത്തിനിറങ്ങിയത്. കഴിഞ്ഞ തവണ വടുതല വെസ്റ്റിൽ വിജയിച്ച അവർ ഇക്കുറി താമസസ്ഥലമായ പച്ചാളത്താണ് മത്സരിക്കുന്നത്. നാട്ടുകാരുടെ നിർബന്ധം മൂലമാണ് വീണ്ടും അങ്കത്തിനിറങ്ങുന്നതെന്ന് ഡെലീന പറയുന്നു