ldf
ഷാജി ചുമരെഴുത്തിന്റെ തിരക്കിൽ.

മൂവാറ്റുപുഴ:കൊവിഡ് പ്രതിസന്ധി മൂലം ജിവിതത്തിന്റെ ഗതി മുട്ടിയ ചുവരെഴുത്തു കലാകാരൻമാർക്ക് തദ്ദേശ തദ്ദേശ തിരഞ്ഞെടുപ്പ് ചാകരയായി.ചുമർ പെയിന്റിംഗ് അടക്കമുള്ള പരസ്യങ്ങളെല്ലാം ഫ്ലക്സിലേക്കും മറ്റും മാറിയതോടെ പ്രതിസന്ധിയിലായിരുന്ന ചുമരെഴുത്തുകാർക്ക് കൊവിഡ് മഹാമാരി കൂടിയായപ്പോൾ ദുരിതത്തിന്റെ നീരാളിപിടുത്തത്തിൽ അകപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഇവർക്ക് നിന്നു തിരിയാൻ പോലും സമയമില്ലാത്ത ജോലിയായിരുന്നുവെന്ന് മാത്രമല്ല പ്രമുഖ വസ്ത്ര വില്പനശാലകളുടെ അടക്കം പരസ്യങ്ങൾ ചുമരുകളിൽ തിളങ്ങി നിന്നിരുന്നത് ഇൗ കലാകാരന്മാരിലൂടെയായിരുന്നു. എന്നാൽ ഫ്ലക്സ് എത്തിയതോടെ ഇതെല്ലാംതകിടം മറിഞ്ഞു . കൊവിഡ് പ്രതിസന്ധിവന്നതോടെ ചില കമ്പനികൾ മാത്രമാണ് ചുമർ പരസ്യങ്ങൾ ചെയ്യുന്നത്.ഇതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് രക്ഷയായത്.

ചുവരെഴുതുന്നതിന് 2000 രൂപ വരെ

തിരഞ്ഞെടുപ്പു പ്രചാരണ രംഗവും ഹൈടെക്കായെങ്കിലും ചുവരെഴുത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത പ്രചാരണായുധമാണ് .സ്ഥാനാർത്ഥി നിർണയം ഏതാണ്ട് പൂർണമായതോടെചുവരെഴുത്തുകൾ തുടങ്ങി കഴിഞ്ഞു.രാപ്പകൽ വ്യത്യാസമില്ലാതെ വാർഡുകൾ തോറും ചുവരെഴുത്തുകൾ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയതോടെ തന്നെ ഈ രംഗത്തു പ്രവർത്തിക്കുന്നവരെ തേടി വിളികളെത്തി. പലരും ബുക്കു ചെയ്യുകയും ചെയ്തു.ഒരു ചുമർ വെള്ളയടിച്ച് എഴുതുന്നതിന് 2000 രൂപയാണ് നൽകുന്നത്.