കൊച്ചി: ഒന്നു വിളിച്ചാൽ മതി, കൊവിഡ് പൊസിറ്റീവായ ആളിന്റെ കുടുംബാംഗങ്ങൾക്ക് ക്വാറന്റൈൻ കഴിയുമ്പോൾ ആന്റിജൻ ടെസ്റ്റ് നടത്താൻ സഞ്ചരിക്കുന്ന ലബോറട്ടറി വീട്ടുപടിക്കലെത്തും. കേന്ദ്രപൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ് എറണാകുളം നഗരത്തിൽ പൊതുജനങ്ങൾക്കായി സ്റ്റെപ് കിയോസ്‌ക് മോഡൽ ആന്റിജൻ പരിശോധന ആരംഭിച്ചിരിക്കുന്നത്. എൻ.എച്ച്.എമ്മിന് കീഴിലെ ഡി.പി.എം.എസ്.യു വുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധന നടത്തുന്നതിന് നിശ്ചിത സമയത്ത് പ്രധാന കേന്ദ്രങ്ങളിലും സ്റ്റെപ് കിയോസ്‌ക് സേവനം ലഭ്യമാണ്.
നഗരത്തിൽ വൈറ്റില, ഇടപ്പള്ളി, കടവന്ത്ര, കലൂർ, എം ജി റോഡ്, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദിവസേന രണ്ടു മണിക്കൂർ മൊബൈൽ വാൻ പാർക്ക് ചെയ്ത് പരിശോധന നടത്തും. ആന്റിജൻ ടെസ്റ്റിന് 625 രൂപയും ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2100 രൂപയുമാണ് നിരക്ക്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള നിരക്കാണിത്. ആന്റിജൻ പരിശോധന ഫലം 20- 30 മിനിറ്റിനകവും ആർ.ടി.പി.സി.ആർ ഫലം 24 മണിക്കൂറിന് ശേഷവും ഈ മെയിൽ വിലാസത്തിൽ ലഭിക്കും. വാഹനം ക്യാമ്പുചെയ്യുന്ന സ്ഥലങ്ങളിൽ പരിശോധനയ്ക്ക് എത്തുന്നവർ ആധാർ കാർഡുകൂടി കരുതണം. 9400027990 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് ക്യൂവിൽ നിന്ന് സമയം നഷ്ടപ്പെടുത്താതെയുമിരിക്കാം. ഓരോ പ്രദേശത്തും വാഹനം എത്തുന്ന സമയം മുൻകൂട്ടി അറിയുന്നതിനും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പട്ടികയിൽ ഇല്ലാത്ത ഏതെങ്കിലും സ്ഥലത്ത് കുറച്ച് അധികം ആളുകൾക്ക് ടെസ്റ്റ് നടത്താനുണ്ടെങ്കിൽ വിളിച്ച് അറിയിച്ചാൽ അവിടെയും ക്യാമ്പ് ക്രമീകരിക്കുമെന്ന് എച്ച.എൽ.എ. നോഡൽ ഓഫീസർ ഡോ റെജി കൃഷ്ണ , മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിശാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.