കിഴക്കമ്പലം: കുമ്മനോട് എമ്പാശ്ശേരി കവലയ്ക്ക് സമീപം മാന്ത്റയ്ക്കൽ പാടശേഖരത്തിലേയ്ക്ക് രാസ മാലിന്യം തള്ളിയ സംഭവത്തിലെ ടാങ്കർ ലോറി കസ്റ്റഡിയിലെടുക്കാൻ കുന്നത്തുനാട് പൊലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം നേര്യമംഗലം വനമേഖലയിൽ ഇടുക്കി സംസ്ഥാന പാത 46 ഏക്കറിൽ രാസ മാലിന്യം തള്ളി കടന്നു കളയാൻ ശ്രമിച്ച കേസിൽ കെ.എൽ 46 ഇ 865 എന്ന നമ്പറിലുള്ള ടാങ്കർ ലോറിയും മൂന്നു പേരെയും വനപാലകർ പിടികൂടി ഊന്നുകല്ല് പൊലീസിനു കൈമാറിയിരുന്നു. ഇതേ വാഹനത്തിലാണ് കുമ്മനോട്ടിലും മാലിന്യമെത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാലിന്യം തള്ളിയ വാഹന ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാടത്ത് തള്ളിയ മാലിന്യം നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വാഹന ഉടമ മണ്ണിട്ടു മൂടിയാണ് തല്ക്കാലം പ്രശ്നം പരിഹരിച്ചത്. പാടത്ത് വ്യാപകമായി പടർന്ന മാലിന്യം സമീപത്തെ കിണറുകളിലെത്തി കുടിവെള്ളവും മുടക്കി. കിണർ വറ്റിച്ചെങ്കിലും പാട പോലെ മാലിന്യം വീണ്ടും നിറയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.