jose

കൊച്ചി: ജോസ് കെ. മാണി വിഭാഗത്തിന് രണ്ടിലചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും അനുവദിച്ച കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവിനെതിരെ പി.ജെ. ജോസഫ് എം.എൽ.എയും പി.സി. കുര്യാക്കോസും നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് തള്ളിയത്.

സംസ്ഥാനകമ്മിറ്റിയിലെ ഭൂരിപക്ഷം കണക്കാക്കിയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ജോസ് കെ. മാണി വിഭാഗത്തിന് പേരും ചിഹ്നവും നൽകിയത്. കമ്മിഷന്റെ ആഗസ്റ്റ് 30ലെ ഉത്തരവിൽ അപാകതയില്ലെന്നും ഇതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാർട്ടികൾക്ക് ചിഹ്നം നിശ്ചയിച്ചു നൽകാനുള്ള അധികാരം തിരഞ്ഞെടുപ്പു കമ്മിഷനാണ്. ഇന്ത്യയെപ്പോലെ സാക്ഷരതാ നിരക്ക് തൃപ്തികരമല്ലാത്തൊരു രാജ്യത്ത് തിരഞ്ഞെടുപ്പിൽ ചിഹ്നങ്ങൾ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

 ഹൈക്കോടതി പറയുന്നു

പേരും ചിഹ്നവും ഒരുവിഭാഗത്തിന് അനുവദിക്കണമെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടെന്നതു ശരിവയ്‌ക്കണം. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടെയും സ്റ്റിയറിംഗ് കമ്മിറ്റികൾ യോഗംചേർന്ന് വ്യത്യസ്ത നിലപാടുകളെടുത്തതും പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഏഴു ജനപ്രതിനിധികളിൽ നാലുപേരും വിഭാഗീതയുണ്ടെന്ന പരാതിയിൽ ഒപ്പുവച്ചതും പിളർപ്പുണ്ടെന്നതിനു തെളിവാണ്. സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷമുണ്ടെന്നവകാശപ്പെട്ട് ഇരുവിഭാഗവും നൽകിയ സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള കോൺഗ്രസ് എമ്മിൽ പിളർപ്പുണ്ടെന്ന നിഗമനത്തിൽ കമ്മിഷൻ എത്തിയത്.

 പി.ജെ. ജോസഫിന്റെ വാദം

ജോസ് കെ. മാണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിളർപ്പുണ്ടെന്ന് കമ്മിഷൻ വിലയിരുത്തിയത് ശരിയല്ല. പാർട്ടി ചെയർമാൻ ആരെന്നതു മാത്രമാണ് തർക്കം. സംസ്ഥാന കമ്മിറ്റിഅംഗങ്ങളുടെയോ പാർട്ടി ഭാരവാഹികളുടെയോ കാര്യത്തിൽ തർക്കമില്ല. ഞാൻ വർക്കിംഗ് ചെയർമാനാണെന്നതിലും തർക്കമില്ല. ആ നിലയ്ക്ക് പാർട്ടിയിൽ പിളർപ്പുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നത് ശരിയല്ല.

 ജോസിന്റെ വാദം

ചെയർമാന്റെ അസാന്നിദ്ധ്യത്തിൽ കടമ നിർവഹിക്കാൻ വർക്കിംഗ് ചെയർമാന് അധികാരമുണ്ടെങ്കിലും ഇതു അനന്തമായ അധികാരമല്ല. സംസ്ഥാന കമ്മിറ്റിഅംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പാർട്ടി ഭരണഘടനയനുസരിച്ചു യോഗം വിളിക്കാൻ ബാദ്ധ്യതയുണ്ടായിരുന്ന വർക്കിംഗ് ചെയർമാൻ അതുചെയ്തില്ല. തുടർന്നാണ് സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന് തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത്. ഇൗ യോഗത്തിനെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത് പിളർപ്പിനു തെളിവാണ്.