കൊച്ചി: കേരള വർമ കോളജിലെ പ്രിൻസിപ്പലിന്റെ രാജിയിലേക്കു നയിച്ചത് യു.ജി.സി നിയമങ്ങളുടെ ലംഘനങ്ങളാണെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ശിവപ്രസാദ് വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം സ്വജന പക്ഷപാതത്തിന്റേയും, നിയമ വിരുദ്ധ നടപടികളുടേയും കളിയരങ്ങായി മാറിയതിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് തൃശൂർ കേരളവർമ കോളജ് പ്രിൻസിപ്പലിന്റെ രാജിയിൽ കലാശിച്ച സംഭവ വികാസങ്ങൾ. അനർഹരെ രാഷ്ട്രീയ സംഘടനയുടെ അംഗത്വം നോക്കി അധികാരക്കസേരകളിൽ കയറ്റിയിരുത്തുന്ന നടപടികൾ, സംസ്ഥാനത്ത് അക്കാദമിക മരവിപ്പും, അരാജകത്വവും സൃഷ്ടിക്കുകയാണ്.

കേരളവർമ കോളജിന് മാത്രം റൂസ ഫണ്ട് അധികം വകയിരിത്തിയെന്ന ആക്ഷേപം നില നിൽക്കുമ്പോൾ തന്നെ ആണ് കിഫ്ബി ഫണ്ടും ഈ എയ്ഡഡ് പ്രൈവറ്റ് കോളേജിൽ അനുവദിച്ചത്. വൈസ് പ്രിൻസിപ്പൽ എന്ന ഇല്ലാത്ത പദവിയുണ്ടാക്കിയത് തന്നെ ദുരുദ്ദേശ്യപരമാണ്.

മറ്റെല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിയ അദ്ധ്യാപകർക്കുള്ള ഏഴാം ശമ്പള പരിഷ്കരണവും, ആറാം ശമ്പളക്കമ്മീഷനിലെ ബാക്കി കുടിശികയും കേരളത്തിൽ നടപ്പിലായിട്ടില്ല. അതിനിടെ അക്കാദമിക നിലവാരം കൂടി തകർക്കുകയാണ് സർക്കാർ നീക്കങ്ങൾ. ഇത് അവസാനിപ്പിക്കണമെന്നും പ്രൊഫ.കെ.ശിവപ്രസാദ് ആവശ്യപ്പെട്ടു.