കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പരോടി മലയിലെ ടാർമിക്‌സിംഗ് പ്ലാന്റിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പത്യക്ഷ സമരത്തിൽ. പാങ്കോട് 13 ാം വാർഡിൽ ഹെർബൽ കമ്പനിയോട് ചേർന്നാണ് പ്ളാന്റ് വരുന്നത്. പാങ്കോട് വെൺമ, വടവുകോട് റെസിഡന്റ്സ് അസോസിയേഷനുകളും നാട്ടുകാരും ചേർന്ന് കർമ്മ സമിതി രൂപവത്ക്കരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞിരുന്നു. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടായേക്കാവുന്ന മിക്സിംഗ് യൂണിറ്റിനു സമീപം കുറ്റ, വെണ്ണിക്കുളം കോളനികളും മൂന്നു സ്‌കൂളുകളും രണ്ടായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനിയുമുണ്ട്. നിലവിൽ പഞ്ചായത്തിന്റെയോ മലിനീകരണ നിയന്ത്റണ ബോർഡിന്റെയോ അനുമതി നൽകിയിട്ടില്ല. കർമ്മ സമിതിയുടെ സമരത്തിനു തൊട്ടു പിന്നാലെ പഞ്ചായത്ത് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. സമരത്തിന് കർമ്മ സമിതി ഭാരവാഹികളായ എം.വി.ജോർജ്, എം.പി.ജെയിംസ്, എം.സി.ബേബി, എന്നിവർ നേതൃത്വം നൽകി.