election

പെരുമ്പാവൂർ: തദ്ദേശ തിരഞ്ഞെടുപ്പും ടൂറിസവും തമ്മിലെന്ത് ബന്ധം ? ചോദ്യം മഹാത്മാ ഗാന്ധി സർവകലാശാലയിലെ ടൂറിസം അദ്ധ്യാപകനും പെരുമ്പാവൂർ സ്വദേശിയുമായ കെ.ഐ എബിനോടാണെങ്കിൽ ഉത്തരം കേട്ട് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ അന്തം വിട്ടുപോകും. വീറും വാശിയും നിറഞ്ഞ തദ്ദേശപ്പോര് അനന്തമായ ടൂറിസം സാദ്ധ്യതയാണെന്ന് എബിൻ പറയുന്നു. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് എങ്ങിനെ മുന്നോട്ട് പോകുന്നുവെന്നും മുന്നണികളുടെ പ്രചരണരീതികളും നേരിട്ട് കാണാനുള്ള ടൂറിസം പാക്കേജുകൾ ഈ രംഗത്തുള്ളവർക്ക് ഒരുക്കാം. പ്രതിസന്ധിയിലായ മേഖലയ്ക്ക് ഇത് ഉണവേകുമെന്നും എബിൻ ചൂണ്ടിക്കാട്ടുന്നു.

പോൾ ടൂറിസം
തെരഞ്ഞെടുപ്പ് കാലത്തെ വർണശബളമായ പ്രചാരണ കാഴ്ചകൾ കാണാൻ വേണ്ടിയുള്ള യാത്രകളാണ് പോൾ ടൂറിസം. രണ്ടായിരത്തിലാണ് ഇത്തരമൊരു ആശയത്തിന് തുടക്കമാകുന്നത്. വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നേരിട്ട് കാണുകയും അനുഭവിച്ചു അറിയുന്നതുമാണ് പോൾ ടൂറിസത്തിന്റെ സവിശേഷത. കേരളത്തിൽ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏറെ ആവേശം നിറഞ്ഞതാണ്. പ്രശസ്തമായ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ നടക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് വൈവിധ്യമാർന്ന ടൂർ പാക്കേജുകൾ സംഘടിപ്പിക്കാം. പല സഞ്ചാരികളും നിലവിൽ ഒറ്റക്കും ചെറിയ സംഘങ്ങളും ആയിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകൾ കാണാൻ പോകുന്നത്.

എബിൻ യാത്രയിലാണ്

പോൾ ടൂറിസത്തിന്റെ പ്രചാരണത്തിനായി കെ. ഐ. എബിൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു ഫോട്ടോകൾ എടുക്കുന്നുണ്ട്. പെരുമ്പാവൂരിനടുത്തുള്ള സ്ഥലങ്ങളിൽ സൈക്കിളിലാണ് സന്ദർശനം നടത്തുന്നത്. സീസണൽ ടൂറിസം കാഴ്ചകളിൽ ഉൾപ്പെടുന്ന പോൾ ടൂറിസത്തിനു കേരളത്തിൽ വൻ സാദ്ധ്യതകൾ ഉണ്ടെന്നാണ് എബിൻ പറയുന്നു.