പറവൂർ: കായലിലേയ്ക്ക് മറിഞ്ഞ കാറിൽനിന്നും ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ച പ്ളസ് ടു വിദ്യാർത്ഥിക്ക് അനുമോദനം. കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി ടി.എസ്. സച്ച്ദേവിനെയാണ് മാനേജുമെന്റ്, പി.ടി.എ, എൻ.എസ്.എസ്, സൗഹൃദവിഭാഗം എന്നിവ ചേർന്ന് അനുമോദിച്ചത്. വടക്കേക്കര സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. മുരളി ഉപഹാരം സമ്മാനിച്ചു. സ്കൂൾ മാനേജർ സി.കെ. ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ കെ.ആർ. ശ്രീജ, ഹെഡ്മിസ്ട്രസ് എം.എസ്. ജാസ്മിൻ, എം.എ. ഹരീഷ്, കെ.പി. മനോജ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ് 17ന് രാത്രി ഒമ്പതരയോടെ ചെറായി രക്തേശ്വരി ബീച്ചിനു സമീപത്തായിരുന്നു അപകടം. കരുമാല്ലൂർ കോട്ടപ്പുറം തേക്കുംപറമ്പിൽ സലാമും ഭാര്യ സബീനയും ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറായി ബീച്ചിൽ എത്തിയിരുന്നു. ഇവിടെനിന്നും വീട്ടിലേയ്ക്ക് പോകുമ്പോൾ തെരുവുനായ കാറിന് കുറുകെ ചാടി. കാർ പെട്ടെന്ന് വെട്ടിച്ചപ്പോൾ കായയിലേയ്ക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തുകയും രക്ഷാപ്രവർത്തനം നടത്തിയത് സച്ച്ദേവും സുഹൃത്തുമായിരുന്നു. അപകടത്തിൽ സലാം രക്ഷപെട്ടെങ്കിലും സബീനയുടെ ജീവൻ രക്ഷിക്കാനായില്ല.