smuggling

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിൽ പ്രതികളായ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള അഞ്ചുപേരുടെ വസതികളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധന നടത്തി. ഡിജിറ്റൽ തെളിവുകളും ചില രേഖകളും പിടിച്ചെടുത്തു.

മുഹമ്മദ് അസ്‌ലം, അബ്ദുൾ ലത്തീഫ്, നസറുദീൻ ഷാ, പി.റംസാൻ, മുഹമ്മദ് മൻസൂർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. വിമാനത്താവളത്തിന് പുറത്തെത്തിക്കുന്ന സ്വർണം നേരത്തെ അറസ്‌റ്റിലായ കെ.ടി. റെമീസ് ഉൾപ്പെടെയുള്ളവരിൽ നിന്നു വാങ്ങുകയും സ്വർണക്കടത്തിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്‌തവരാണിവർ. നേരത്തെ അറസ്‌റ്റിലായ ചില പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും എൻ.ഐ.എ വ്യക്തമാക്കി. മുഹമ്മദ് അസ്‌ലം മുൻകൂർ ജാമ്യത്തിന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മറ്റ് നാലുപേരും ദുബായിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻ.ഐ.എ അറിയിച്ചു.