കൊച്ചി: കേരളത്തിൽ ഇനി എല്ലാ തിരഞ്ഞെടുപ്പുകളിലും എൻ.ഡി.എ വലിയവിജയം നേടുമെന്ന് ബി.ജെ.പി പ്രഭാരിയും മുൻ കോയമ്പത്തൂർ എം.പിയുമായ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും എതിരില്ലാതെ വിജയിച്ചിരുന്ന ആന്തൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുടെ ഇത്തവണത്തെ മത്സരം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ബി.ജെ.പിയെ സംബന്ധിച്ചടത്തോളം ഇന്ന് ചരിത്ര മുഹൂർത്തമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന ഏക പാർട്ടി ബി.ജെ.പിയാണ്. കമ്മ്യൂണിസ്റ്റുകളുടെ അവസാനത്തെ കേന്ദ്രമായ കേരളവും അവർക്ക് നഷ്ടമാകാൻ പോകുന്നു. സി.പി.എം എല്ലാ കാലത്തും ജനാധിപത്യത്തിനും വികസനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും സാമ്പത്തിക പുരോഗതിക്കും എതിരാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരൻ, സഹപ്രഭാരി കർണാടക എം.എൽ.എ സുനിൽകുമാർ , എ.പി. അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.