
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ (സിസിസ്)പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനോടനുബന്ധിച്ച് തയ്യാറാക്കിയ ലോഗോ വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ പ്രോ വൈസ്ചാൻസലർ ഡോ. പി.ജി. ശങ്കരന് നൽകി പ്രകാശനം ചെയ്തു. വൈസ് ചാൻസലറുടെ ചേംബറിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. വി. മീര, സിസിസ് ഡയറക്ടർ പ്രൊഫ. എം. ഭാസി, ഡോ. പി. ഷൈജു, ഡോ. അബേഷ് രഘുവരൻ തുടങ്ങിയവർ പങ്കെടുത്തു.കാമ്പസിൽ നിന്ന് സിസിസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വിവിധ തുറകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴിക്കര, മുളന്തുരുത്തി എന്നീ പഞ്ചായത്തുകളെ തെരഞ്ഞടുക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ വിശാലമായ കാഴ്ചപ്പാടു കൂടി ചേർത്തുവച്ചാണ് പുതിയ ലോഗോ രൂപകല്പ്പന ചെയ്തിരിക്കുന്നത്. സെന്ററിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 24,25,26 തീയതികളിലായി ഏഴിക്കര പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 20 വനിതകൾക്ക് കേടായ എൽ.ഇ.ഡി ബൾബുകൾ നന്നാക്കുന്നത് സംബന്ധിച്ച പരിശീലന ശില്ശാല സംഘടിപ്പിക്കും.