nissar

കിഴക്കമ്പലം: നാവില്ലാത്തവർക്ക് നാവായി നിന്ന നിസാർ ഇബ്രാഹിമിന്റെ അടുത്ത നിയോഗം കുന്നത്തുനാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പാണ്. 12ാം വർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ബധിരരുടേയും മൂകരുടെയും സംഘടനയുടെ സംസ്ഥാന ചെയർമാനായ നിസാർ. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടക്കുന്ന നൂറു കണക്കിന് സമരങ്ങൾക്ക് നിസാറിന്റെ നാവാണ് ഇവർക്ക് വേണ്ടി സംസാരിക്കുന്നത്.

20 വർഷമായി ഈ രംഗത്തുണ്ട്. ബധിര മൂക സംഘടനയെ ഇവരോടൊപ്പം ചേർന്നു നിന്നാണ് നയിക്കുന്നത്. നിത്യമായ ഇടപഴകൽ കൊണ്ട് ഇവരോട് ആശയ വിനിമയം നടത്താനും പഠിച്ചു. പ്രസംഗത്തിന് ദ്വിഭാഷിയുമുണ്ട്. അവരുടെ ഇൻസ്ട്രക്ടർ പ്രസംഗം ആംഗ്യ ഭാഷയിൽ തർജ്ജമ ചെയ്യും. ഇവർക്കു വേണ്ടി ഒരു സമരത്തിൽ പങ്കെടുത്തതിന് ഒന്നാം പ്രതിയായി കേസുമുണ്ടായിരുന്നു. കോടതി പിന്നീട് വെറുതെ വിട്ടു.

ആരുമില്ലാത്തവരെ സഹായിക്കുന്നതാണ് യഥാർത്ഥ മനുഷ്യധർമ്മമെന്ന തിരിച്ചറിവാണ് തന്റെ ദൗത്യങ്ങളുടെ ശക്തിയെന്ന് നിസാർ പറയുന്നു.

കുന്നത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.