കൊച്ചി: കള്ളപ്പണക്കാർക്ക് സ്വൈരവിഹാരം നടത്താൻ തണലൊരുക്കുന്നത് കേരളത്തിലെ ഭരണക്കാരാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൊച്ചി നഗരസഭ 28-ാം ഡിവിഷൻ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയുടെ മകൻ കള്ളപ്പണം വെളുപ്പിച്ചതിന് ജയിലിൽ കിടക്കുകയാണ്. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും വിശ്വസ്തനായ ഒരാൾ കള്ളപ്പണ ഇടപാടിന്റെ പേരിൽ ജയിലിലാണ്. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കള്ളപ്പണക്കാരിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണം. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് അനുവദിച്ച തുകയുടെ തുച്ഛമായ ഭാഗംമാത്രമാണ് വിനിയോഗിച്ചത്. കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ അനുവദിക്കാൻ തയ്യാറായിട്ടും അത് വാങ്ങിയെടുത്ത് ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ തയ്യാറാകാത്ത ഭരണാധികാരികളെ ഈ തിരഞ്ഞെടുപ്പിലൂടെ മാറ്റാൻ തയ്യാറാകണം. ഇടത് - വലത് മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന പതിവ് രീതി മാറ്റി ബി.ജെ.പിയെ നഗരഭരണം ഏൽപ്പിക്കാൻ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. ബാലൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. സുമേഷ്, അഡ്വ.കെ.എസ്. ഷൈജു എന്നിവർ പ്രസംഗിച്ചു.