ആലുവ: നഗരസഭ എട്ടാം വാർഡിൽ മത്സരിക്കുന്നതിനായി നൽകിയിരുന്ന സിറ്റിംഗ് കൗൺസിലറും കോൺഗ്രസ് റബലുമായ കെ.വി. സരള പത്രിക തർക്കത്തെ തുടർന്ന് സ്വീകരിച്ചില്ല. ഒരു മണിക്കൂർ നീണ്ടുനിന്ന വാദപ്രതിവാദത്തിന് ശേഷം രണ്ട് ഭാഗത്തേയും അഭിഭാഷകരുടെ വാദം കേട്ട ശേഷം വരണാധികാരി അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നറിയിച്ചു.
ഇന്നലെ നഗരസഭ ഓഫീസിൽ നടന്ന പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെയാണ് തർക്കമുണ്ടായത്. സരളയുടെ അടക്കം എട്ടാം വാർഡിലെ എല്ലാ സ്ഥാനാർത്ഥികളുടേയും പത്രിക സ്വീകരിച്ചതായി വരണാധികാരി ഡി.ഇ.ഒ സുബിൻ പോൾ അറിയിച്ചു. ഇത് നഗരസഭയുടെ അഭിഭാഷകൻ എതിർത്തതോടെയാണ് തർക്കമായത്. സ്ഥാനാർത്ഥിയ്ക്ക് എതിരെ ഏഴര ലക്ഷം രൂപയുടെ റവന്യൂ റിക്കവറിയുണ്ടെന്നും പത്രിക സ്വീകരിക്കരുതെന്നും നഗരസഭ വരണാധികാരിയോട് ആവശ്യപ്പെട്ടു. 2012ൽ ശിവരാത്രി നാളിൽ മണപ്പുറത്തേക്ക് താത്കാലിക നടപ്പാലം നിർമ്മിക്കുന്നതിനായി നൽകിയ 7.5 ലക്ഷം രൂപ തിരിച്ചടക്കാത്തതാണ് കെ.വി. സരളയ്ക്ക് ബാധ്യതയായത്. സരള പ്രസിഡന്റായ ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതിയാണ് പാലം നിർമ്മാണ കരാറെടുത്തത്.
2012 ഫെബ്രുവരി 29ന് മുമ്പായി തുക മടക്കി നൽകാമെന്നായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ചുണ്ടായ കേസിൽ പണം തിരിച്ചടക്കുന്നതിന്റെ ഉത്തരവാദിത്വം പ്രസിഡൻറായ കെ.വി. സരളക്കാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആലുവ നഗരസഭയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഹൈക്കോടതിയുത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണെന്ന് സരളയുടെ അഭിഭാഷകൻ വാദിച്ചു. മാത്രമല്ല കേസ് വ്യക്തിയ്ക്ക് എതിരെയല്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ആലുവ നഗരസഭ തടസ്സവാദം ഉന്നയിക്കുന്നത് തെറ്റാണെന്നുമായിരുന്നു ഇവരുടെ നിലപാട്. പ്രചരണം ആരംഭിച്ച സ്ഥാനാർത്ഥിക്ക് റവന്യൂ റിക്കവറിയുടെ പേരിൽ നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് നൽകിയിരുന്നു.
2015ൽ സരളയ്ക്ക് കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കാൻ ബാധ്യതരഹിത സർട്ടിഫിക്കറ്റ് അന്നത്തെ നഗരസഭ സെക്രട്ടറി നൽകിയത് കേസ് പരിഗണിക്കാതെയാണെന്നാണ് പ്രതിപക്ഷ ആരോപണം.