high-court

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി മാറ്റത്തിനായി സർക്കാരും ഇരയും നൽകിയ ഹർജികൾ കേസ് പരിഗണിക്കുന്ന വിചാരണക്കോടതിയിലെ ഒാരോ വിഭാഗത്തിന്റെയും റോളെടുത്തുപറഞ്ഞാണ് സിംഗിൾബെഞ്ച് തള്ളിയത്. പ്രോസിക്യൂഷനും കോടതിയും ഒരുമിച്ചു പ്രവർത്തിച്ചില്ലെങ്കിൽ കുറ്റവാളി നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതനുവദിക്കരുത്. ഇരയുടെ ക്രോസ് വിസ്താരവേളയിൽ നിരവധി അഭിഭാഷകർ കോടതിമുറിയിൽ പ്രവേശിച്ചെന്ന ആരോപണത്തെയും കോടതി പരിശോധിച്ചു. ഇത്തരത്തിൽ പ്രക്ഷുബ്ദ്ധമായ കോടതിയന്തരീക്ഷത്തിലും സാഹചര്യത്തിലും അമ്പരക്കുന്ന പ്രോസിക്യൂട്ടറല്ല ഇൗ കേസിലുള്ളതെന്നാണ് കോടതി മനസിലാക്കുന്നത്. ഇരയ്ക്കുവേണ്ടി പ്രതികാരദാഹിയായ യക്ഷിയെപ്പോലെ എന്തുവിലകൊടുത്തും ശിക്ഷനേടിക്കൊടുക്കുകയല്ല, മറിച്ച് ഇരയ്ക്ക് നീതിലഭ്യമാക്കിയെന്ന് ഉറപ്പാക്കുകയാണ് പ്രോസിക്യൂട്ടർ ചെയ്യേണ്ടതെന്നും കോടതി ഒാർമപ്പെടുത്തി. സത്യസന്ധവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കാനും സത്യം കണ്ടെത്താനും കോടതിയെ സഹായിക്കാനുള്ള ബാദ്ധ്യത പ്രതിഭാഗത്തിനുമുണ്ട് - കോടതി അഭിപ്രായപ്പെട്ടു.

 ഹർജികൾ വൈകുന്നതിന് പരിഹാരം കാണണം

പ്രതിയുടെ ജാമ്യംറദ്ദാക്കണം, കുറ്റപത്രം ഭേദഗതിചെയ്യണം എന്നിങ്ങനെയുള്ള ഹർജികളിൽ വിചാരണക്കോടതി സമയബന്ധിതമായി തീരുമാനമെടുക്കുന്നില്ലെങ്കിൽ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാൻ കഴിയും. സമയബന്ധിതമായി ഹർജികൾ തീർപ്പാക്കാൻ പ്രത്യേക കോടതി ജഡ്ജിക്ക് ബാദ്ധ്യതയുണ്ട്. സുപ്രീംകോടതി നിർദേശപ്രകാരം സമയബന്ധിതമായി കേസ് തീർക്കേണ്ടതുണ്ട്. വിചാരണ നിറുത്തിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ ശക്തമായ വാക്കുകളിൽ ജഡ്ജി പ്രതികരിച്ചെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. ഇതു സത്യമാണെങ്കിൽ ഒഴിവാക്കണമായിരുന്നു. ജഡ്ജിയു‌ടെ മന:സാക്ഷി ശുദ്ധമായിരിക്കുവോളം കേസ് കേൾക്കുന്നതിൽനിന്നു മാറ്റേണ്ടതില്ല. എല്ലാ ജഡ്ജിമാരും മുൻവിധികളിൽനിന്ന് മാറി പക്ഷപാതരഹിതമായി കേസുകേട്ട് വിധിയെഴുതാനാണ് ശ്രമിക്കുന്നത്. അതേപോലെ രഹസ്യവിചാരണ എന്നതുകൊണ്ട് അടച്ചിട്ട കോടതിമുറിയിലെ വിചാരണ എന്നുമാത്രമല്ല ഉദ്ദേശിക്കുന്നത്. ഇരയ്ക്ക് ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും തന്റെഭാഗം വിശദീകരിക്കാൻ കഴിയുന്ന സാഹചര്യംകൂടി ഉണ്ടാകണം. ക്രോസ് വിസ്താരവേളയിൽ ഇരയ്ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെങ്കിൽ കോടതി അതുതടയണമായിരുന്നു. എന്നാൽ ഇതിന്റെപേരിൽ കോടതിമാറ്റം അനുവദിക്കാനാവില്ല. ക്രിമിനൽ കേസുകളുടെ വിചാരണയിൽ കോടതിക്ക് കാഴ്ചക്കാരനായി ഇരിക്കാൻ കഴിയില്ല. ഒരു പോരാളിയെപ്പോലെ സജീവമായി കോടതി ഇടപെടണമെന്ന സുപ്രീംകോടതിവിധി ഇവിടെ പ്രസക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.