bineesh-kodiyeri-i

കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ പുറത്താക്കാൻ താരസംഘടനയായ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകും. ബിനീഷിനെ പുറത്താക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാർ, മുകേഷ് എന്നിവർ എക്സിക്യുട്ടീവ് യോഗത്തിൽ ആവശ്യപ്പെട്ടു.

നടൻ ദിലീപിനെ പുറത്താക്കിയതു പോലെ ബിനീഷിനെതിരെയും നടപടി വേണമെന്ന് ഭൂരിഭാഗം എക്സിക്യുട്ടീവ് അംഗങ്ങളും ആവശ്യപ്പെട്ടു. രണ്ടു പേർക്ക് രണ്ടു നീതി പാടില്ല. ഇപ്പോൾ നടപടി വേണ്ടെന്ന് മുകേഷും ഗണേശ് കുമാറും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചു. മറുപടി ലഭിച്ച ശേഷം അടുത്ത എക്സിക്യുട്ടീവ് യോഗം നടപടിയെടുക്കും.

മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന നിലപാടാണ് നേരത്തെയും പല അംഗങ്ങളും സ്വീകരിച്ചത്. ബാബുരാജ്, രചന നാരായണൻകുട്ടി എന്നിവർ ഇക്കാര്യം പറയുകയും ചെയ്തു. അമ്മ പ്രസിഡന്റ് മോഹൻലാൽ, സെക്രട്ടറി ഇടവേള ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.അമ്മയിൽ നിന്ന് നടി പാർവതി തിരുവോത്തിന്റെ രാജി യോഗം സ്വീകരിച്ചു. അംഗങ്ങൾക്കുള്ള ചികിത്സാ ഇൻഷ്വറൻസ് മൂന്നിൽ നിന്ന് അഞ്ചു ലക്ഷമായി വർദ്ധിപ്പിച്ചു. അപകട മരണ ഇൻഷ്വറൻസ് കവറേജ് പത്തിൽ നിന്ന് 12 ലക്ഷമാക്കി . അമ്മയുടെ കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരം ജനുവരിയിൽ തുറക്കാനും യോഗം തീരുമാനിച്ചു.