saudi

കൊച്ചി : ഭർത്താവുമായുള്ള വഴക്കിന്റെ പേരിൽ എട്ടുവയസുള്ള മകനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയ്ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. അങ്കമാലി മൂക്കന്നൂർ പനങ്ങാട്ടുപറമ്പിൽ ടീനയെയാണ് (37) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡി. സെഷൻസ് കോടതി ശിക്ഷവിധിച്ചത്. 2016 ഏപ്രിൽ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായുള്ള നിരന്തരവഴക്കിനെത്തുടർന്ന് ടീന മകന് ഉറക്ക ഗുളിക നൽകി മയക്കിക്കിടത്തിയശേഷം കുട്ടിയുടെ കൈഞരമ്പ് മുറിച്ചു കൊലപ്പെടുത്തി. പിന്നീട് തന്റെ കൈ ഞരമ്പുമുറിച്ചും കീടനാശിനി കഴിച്ചും ടീന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്. കുട്ടിയെ കൊലപ്പെടുത്തിയതിന് ഇന്ത്യൻശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തം തടവും 10,000 രൂപ പിഴയും ആത്മഹത്യാശ്രമത്തിന് ഐ.പി.സി 309 പ്രകാരം ആറുമാസം തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷാവിധിയിൽ കനിവു കാണിക്കണമെന്നു പ്രതി ശിക്ഷ വിധിക്കും മുമ്പ് കോടതിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്നാൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്പെക്ടർമാരായ എ.കെ. വിശ്വനാഥൻ, എസ്. മുഹമ്മദ് റിയാസ് എന്നിവരാണ് അന്വേഷണംനടത്തി കുറ്റപത്രം നൽകിയത്.