ആലുവ: കിണറ്റിൽവീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപെടുത്തി. കീഴ്മാട് അന്ധവിദ്യാലയത്തിന് സമീപമായിരുന്നു സംഭവം. കിണറിന്റെ കൈവരിയിൽനിന്ന് ആട് താഴേക്ക് വീഴുകയായിരുന്നു. വെള്ളമുണ്ടായിരുന്ന കിണറ്റിൽനിന്ന് ആടിനെ പുറത്തെടുക്കാനാണ് ഉടമ കുന്നുംപുറം ചക്കുത്തറ വീട്ടിൽ മരിയാദാസ് (54) കിണറ്റിലിറങ്ങിയത്. തിരികെ കയറാൻ കഴിയാതായതോടെ ബന്ധുക്കൾ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു. മരിയാദാസിനേയും ആടിനേയും പരിക്കുകളില്ലാതെ കരയ്ക്കുകയറ്റി. ആലുവ ഫയർസ്‌റ്റേഷൻ ഓഫീസർ കെ.വി. അശോകന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.