election
ആലുവ നഗരസഭയിലെ നാമനിർദ്ദേശ പട്ടിക സൂക്ഷപരിശോധനക്കെത്തിയ സ്ഥാനാർത്ഥികൾ കോവിഡ് മാനദണ്ഡം പാലിച്ച് ഒരു മീറ്റർ അകലത്തിൽ ഊഴം കാത്തിരിക്കുന്നു

ആലുവ: ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാമിന്റെയും മുൻ ചെയർമാൻ എം.ഒ. ജോണിന്റെയും നാമനിർദേശ പട്ടിക സംബന്ധിച്ച് തർക്കം. എതിർവിഭാഗത്തിന്റെ അഭിഭാഷകനാണ് എതിർവാദം ഉയർത്തിയത്. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാമനിർദേശപട്ടികയിൽ കാണിച്ചില്ലെന്നായിരുന്നു വാദം. എന്നാൽ ശിവരാത്രി കാലത്ത് നടത്താറുള്ള ദൃശ്യോത്സവത്തിന്റെ ബാങ്ക് അക്കൗണ്ട് തന്റെ വ്യക്തിപരമായ പേരിൽ അല്ലെന്നും നഗരസഭാ അദ്ധ്യക്ഷന്റെ പേരിലുള്ളതാണെന്നും ലിസി എബ്രഹാം അറിയിച്ചു. എം.ഒ. ജോൺ ചെയർമാനായിരുന്ന കാലത്ത് തുടങ്ങിയ കുടുംബശ്രീയുടെ അക്കൗണ്ടിനെ സംബന്ധിച്ചായിരുന്നു തർക്കമുണ്ടായത്. എന്നാൽ ഇതും നഗരസഭാ അദ്ധ്യക്ഷന്റെ പേരിലുള്ളതാണെന്ന് അറിയിച്ചതോടെ എതിർവാദം തള്ളുകയായിരുന്നു. നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയാണ് എം.ഒ. ജോൺ. ആലുവ മുനിസിപ്പാലിറ്റി ഓഫീസിലാണ് സൂക്ഷ്മപരിശോധന നടന്നത്.