കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലേയ്ക്ക് സമർപ്പിച്ച നാമനിർദേശ പത്രികകളിൽ 196 എണ്ണം സൂക്ഷ്മ പരിശോധനയിൽ തളളി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് വരെ പത്രിക പിൻവലിക്കാം.
ജില്ലയിൽ 113 സ്ഥലങ്ങളിൽ വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകളുടെ സൂക്ഷ്മപരിശോധന ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്തിലെ ഒരു പത്രിക തള്ളി. ജില്ലയിൽ ആകെ സമർപ്പിച്ചത് 17,265 പത്രികകളാണ്.
കൊച്ചി കോർപ്പറേഷനിൽ 3 പത്രികകളും മുനിസിപ്പാലിറ്റികളിൽ 11 പത്രികകളും തള്ളി. ബ്ലോക്ക് പഞ്ചായത്തിലേക്ക് സമർപ്പിച്ച 46 പത്രികകൾ തള്ളി. ഗ്രാമ പഞ്ചായത്തുകളിൽ 135 പത്രികകൾ തള്ളി. നിസാരതെറ്റുകളുടെ പേരിൽ നാമ നിർദേശപത്രിക തള്ളരുതെന്ന ഇലക്ഷൻ കമ്മിഷന്റെ നിർദേശങ്ങൾ പാലിച്ചാണ് സൂക്ഷ്മപരിശോധന നടത്തിയത്.