മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിൽ ഇക്കുറി തീപാറും പോരാട്ടമാകും . ജനറൽ വാർഡായ ഇവിടെ യു.ഡി.എഫിൽ നിന്നും കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉല്ലാസ് തോമസ്, എൽ.ഡി.എഫിൽ നിന്നും കേരള കോൺഗ്രസ് (ബി) സംസ്ഥാന നിർവാഹക സമിതിയംഗം അഡ്വ. ജയിംസ് മാനുവൽ കുരുവിത്തടവും, എൻ.ഡി.എയിൽ നിന്നും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റിയൻ തുരുത്തിപ്പിള്ളിയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ടേമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡോളി കുര്യാക്കോസ് 32,192 വോട്ടിന് ഇവിടെ നിന്നും വിജയിച്ചിരുന്നു. പാലക്കുഴ, ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ആവോലി ഡിവിഷൻ. ഇതിൽ പാലക്കുഴയും ആവോലിയും ഇടതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളാണ്.മൂന്നു സ്ഥാനാർത്ഥികളും മത്സരരംഗത്ത് അണിനിരന്നതോടെ മൂന്ന് മുന്നണികളുടെ പ്രവർത്തകരും സജീവമായി പ്രവർത്തനത്തിനിറങ്ങി.
അഡ്വ. ജയിംസ് മാനുവൽ
ആരക്കുഴ കുരുവിത്തടം വീട്ടിൽ അഡ്വ. ജയിംസ് മാനുവൽ മൂവാറ്റുപുഴ ബാറിലെ പ്രമുഖ അഭിഭാഷകനും കേരള കേൺഗ്രസ് (ബി) സംസ്ഥാന നിർവാഹക സമിതിയംഗമാണ്. ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്ലോബൽ മലയാളി കൗൺസിൽ കേരള സെക്ടർ പ്രസിഡന്റ്, ലാന്റ് ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കർഷകനുള്ള അവാർഡും ലിച്ചിട്ടുണ്ട്. ഭാര്യ: ആനിയമ്മ ജയിംസ് അഭിഭാഷകയാണ്. ഏകമകൾ റോസ് മേരി വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ പ്രൊഫസറാണ്.
ഉല്ലാസ് തോമസ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ ഉല്ലാസ് തോമസ് മറ്റ് പ്രവർത്തന മേഖലകളിലും സജീവമാണ്. 1995, 2000-ൽ പാലക്കുഴ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ ജില്ലാ പഞ്ചായത്ത് കൂത്താട്ടുകുളം ഡിവിഷനിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ടു. 2010 ൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രണ്ടര വർഷക്കാലം വൈസ് പ്രസിഡന്റ് സ്ഥാനത്തും പ്രവർത്തിച്ചു. പമ്പാക്കുട ബ്ലോക്ക് ജനറൽ മാർക്കറ്റിങ് സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ ഉല്ലാസ് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പാലക്കുഴ കരോട്ട് പുത്തൻപുരയിൽ കെ.എ. തോമസിന്റെ മകനാണ്. ഭാര്യ: എലിസബത്ത്. മക്കൾ: ആൻമറിയം, ഷേബാ ലിസ്, തോമസ് ആന്റോ.
സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി
പൊതുപ്രവർത്തനരംഗത്ത് നാലര പതിറ്റാണ്ടിന്റെ അനുഭവസാക്ഷ്യവുമായാണ് ബി.ജെ.പി. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി മത്സരരംഗത്തുള്ളത്.ബി.ജെ.പി. സംസ്ഥാന കൗൺസിലംഗമായ ഇദ്ദേഹം നിരവധി പ്രസ്ഥാനങ്ങളുടെ തുടങ്ങുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.1990 ൽ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളാണ്. കേരള അഗ്രസീവ് ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2010 ലും2015 ലും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചിട്ടില്ല. വാഴക്കുളം തുരുത്തിപ്പിള്ളിൽ കുടുംബാംഗമാണ്. ഭാര്യ: ലിസി,മക്കൾ: എയ്ഞ്ചൽ, ആഗ്‌നസ്, അശിൻ,