കൊച്ചി:ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷാ കേരളത്തിന്റെ (എസ്.എസ്.കെ) കീഴിൽ ജില്ലയിൽ 11 ഓട്ടിസം സെന്ററുകൾ കൂടി ആരംഭിക്കുന്നു. ഇതിൽ ഒരെണ്ണം വൈപ്പിനിൽ പ്രവർത്തിച്ചുതുടങ്ങി. പറവൂർ, അങ്കമാലി, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും എസ്.എസ്.കെയുടെ ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കല്ലൂർക്കാട്, കൂത്താട്ടുകുളം, കോലഞ്ചേരി, കോതമംഗലം, കൂവപ്പടി, മട്ടാഞ്ചേരി, മൂവാറ്റുപുഴ, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം എന്നീ ബി.ആർ.സി( ബ്ളോക്ക് റിസോഴ്സ് സെന്ററുകൾ )കളുടെ കീഴിലാണ് പുതിയ ഓട്ടിസം സെന്ററുകൾ ആരംഭിക്കുന്നത്. ഓരോ കേന്ദ്രത്തിലേക്കും ഉപകരണങ്ങൾ വാങ്ങാനായി 50,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനം.
കൊവിഡ് നിയന്ത്രണങ്ങൾ ബാധകമല്ല
പരിശീലനത്തിൽ തടസം വരുന്നത് ഒഴിവാക്കാനായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഓട്ടിസം കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം.എല്ലാ കേന്ദ്രത്തിലും ശരാശരി പത്തു കുട്ടികൾ വീതമുണ്ട്.
പ്രായപരിധിയില്ല
എത്രയും ചെറുപ്പത്തിൽ പരിശീലനം ആരംഭിക്കുന്നവോ അതനുസരിച്ച് അതിശയകരമായ മാറ്റങ്ങൾ ഇവരിലുണ്ടാവും. പ്രവേശനത്തിന് പ്രായപരിധിയില്ല. ബ്ലോക്ക് പ്രൊജക്ട് കോ ഓഡിനേറ്റർമാരുടെ മേൽനോട്ടത്തിലാണ് സെന്ററുകൾ പ്രവർത്തിക്കുക. ഒക്യുപേഷൻ തെറാപ്പി, സ്പീച്ച് തെറാപ്പി, മ്യൂസിക്ക് തെറാപ്പി എന്നീ സേവനങ്ങൾ ലഭ്യമാകും. സ്‌പെഷ്യൽ എജ്യുക്കേഷനിൽ ഓട്ടിസം പ്രധാനവിഷയമായി പഠിച്ച രണ്ട് ട്രെയിനർമാരാണ് ഓരോ കേന്ദ്രത്തിലും ഇവരെ പരിപാലിക്കുന്നത്. ഒരു കുട്ടിക്ക് ഒരു ട്രെയിനറിന്റെ കീഴിൽ ഒരു മണിക്കൂർ പരിശീലനമാണ് ലഭിക്കുന്നത്. കുട്ടികളെത്തേണ്ട സമയം മുൻകൂറായി രക്ഷിതാക്കളെ ഇവർ അറിയിക്കും. തെറാപ്പികൾക്ക് പുറമെ ഓട്ടിസം ബാധിതരായ കുട്ടികളെ പഠിക്കാനും ഇവർ സഹായിക്കും.
പരിശീലകർ കുറവ്
ജില്ലയിൽ എസ്.എസ്.കെയുടെ കീഴിൽ ഓട്ടിസം പ്രധാന വിഷയമായി പഠിച്ച സ്‌പെഷ്യൽ എജ്യുക്കേറ്റർമാർ കുറവാണ്. ഇത് പരിഹരിക്കാൻ ഓട്ടിസം സെന്ററുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന ട്രെയിനർമാർ മറ്റ് സ്‌പെഷ്യൽ എജ്യുക്കേറ്റർമാർക്ക് പരിശീലനം നൽകും. ഓരോ ബി.ആർ.സിയുടെ കീഴിലും ഓട്ടിസം സെന്ററുകൾ വരുന്നതോടെ അധിക ദൂരം സഞ്ചരിക്കാതെ കുട്ടികൾക്ക് തെറാപ്പി നൽകാനാകും.
പി .കെ. മഞ്ജു
എസ്.എസ്.കെ ജില്ല മേധാവി.
തിരുവനന്തപുരം (9), കൊല്ലം (1), ആലപ്പുഴ(9), കോട്ടയം (9), ഇടുക്കി (4), എറണാകുളം(11), തൃശൂർ (14), പാലക്കാട് (8), മലപ്പുറം (2), കണ്ണൂർ (8), കാസർകോട് (6) എന്നീ ജില്ലകളിലായി 81 പുതിയ ഓട്ടിസം സെന്ററുകളാണ് എസ്.എസ്.കെയുടെ കീഴിൽ പ്രവർത്തനമാരംഭിക്കുന്നത്.