മൂവാറ്റുപുഴ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പോരിനുറച്ച് മൂവാറ്റുപുഴയുടെ സ്വന്തം വാർത്താ അവതാരിക . 6 വർഷമായി നഗരത്തിലെ പ്രധാന പ്രാദേശിക ചാനലിലെ വാർത്ത അവതാരികയായ പ്രീത അജിയാണ് മൂവാറ്റുപുഴ നഗരസഭ 14-ാം വാർഡിൽ ജനവിധിതേടുന്നത്. നാടിന്റെ ചെറുസ്പന്ദനം പോലും വാർത്തയിലൂടെ ജനങ്ങൾക്ക് എത്തിച്ചു നൽകിവരുന്ന ഇൗ യുവ മാദ്ധ്യമ പ്രവർത്തക ജനസേവനത്തിലേക്ക് ചുവട് മാറ്റുമ്പോൾ നഗരവാസികളിൽ പ്രതീക്ഷ വാനോളം ഉയരുന്നു. വാർത്തകൾ കണ്ടെത്തുന്നതുപോലെ ജനങ്ങളുടെ ജീവിത പ്രശ്നവും നഗര വികസനവും യാഥാർത്ഥ്യമാക്കുമെന്ന ഉറച്ച വിശ്വാസമാണ് വോട്ടർമാർക്കുള്ളത്. സാധാരണ കുടുംബത്തിൽ നിന്ന് പൊതു രംഗതത്തേക്ക് കടന്നു വരുന്ന പ്രീത ബിരുദധാരികൂടിയാണ് . മാദ്ധ്യമ പ്രവർത്തനത്തോടൊപ്പം കുടുംബശ്രീ അടക്കമുള്ള സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളികൂടിയാണ് ഇൗ 37 കാരി . വർഷങ്ങളായി വാടക വീട്ടിൽ താമസിച്ചുവരുന്ന ഇവർ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ തൊട്ടറിഞ്ഞിട്ടുണ്ട് അതുകൊണ്ട്തന്നെ നഗരവാസികലുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രീത പറഞ്ഞു. ഇടതു മുന്നണിയുടെ സിറ്റിംഗ് വാർഡിൽ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് പ്രീതയുടെ കന്നി അംഗം. അജി വർഗീസാണ് പ്രീതയുടെ ഭർത്താവ് . ജോയൽ , നോയൽ എന്നിവർ മക്കളാണ് .