oil

കോലഞ്ചേരി: പ്രളയവും വിലഇടിച്ചിലും കേര കർഷകരുടെ നടുവൊടിഞ്ഞിരിക്കെ തേങ്ങയുടെ വില കുതിപ്പ് കർഷകർക്ക് പ്രതീക്ഷയേകി. വില കുതിക്കുന്നത് കർഷകർക്ക് ആശ്വാസമാണെങ്കിലും വീട്ടമ്മമാരുടെ നെഞ്ചിൽ ആധിയാണ്. തേങ്ങയില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഒരു മാസം മുമ്പ് 30 - 40 വരെയായിരുന്ന പൊതിച്ച തേങ്ങയുടെ വില്പന വിലയെങ്കിൽ, ഇന്നലെ 55 ലേക്കെത്തി. തേങ്ങയ്‌ക്കൊപ്പം വെളിച്ചെണ്ണ വിലയുടെയും പിടിവിടുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജ​റ്റിന്റെ താളം തെ​റ്റിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കു മുമ്പെ 190 ൽ നിന്ന വെളിച്ചെണ്ണ വില 230 രൂപയിലാണ് എത്തി നില്ക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വെളിച്ചെണ്ണയുടെ മൊത്തവില ക്വിന്റലിന് 18900 രൂപയായിരുന്നുവെങ്കിൽ ഓരോ ദിവസവും 100 രൂപ വീതം കൂടി 19300 ആയി. ഇനിയും ഉയരുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.

നാട്ടിൽ നിന്ന് തേങ്ങ ലഭിക്കുന്നില്ല.മാത്രമല്ല വിളവ് തീരെ കുറവാണ്. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. ഇവിടെയെത്തിക്കുന്നതിനുള്ള ചിലവുൾപ്പടെ വരുന്നതും വിലക്കയറ്റത്തിന് കാരണമാണ്. നേരത്തെ ലക്ഷ ദ്വീപിൽ നിന്നും തേങ്ങ ആവശ്യത്തിന് എത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം ഇവിടെ നിന്നും തേങ്ങ എത്താതായതും വിലയെ ബാധിച്ചു. നാട്ടിൻ പുറങ്ങളിലെ തെങ്ങുകൾ ഒന്നിടവിട്ട വർഷമാണ് നല്ല വിളവു തരുന്നതെന്ന് കർഷകർ പറയുന്നത്. മുൻ വർഷം നല്ല വിളവ് ലഭിച്ചപ്പോൾ ഇക്കുറി കുറഞ്ഞതായും പറയുന്നു. നേരത്തെ തേങ്ങവില ഇടിഞ്ഞു കർഷകർക്ക് വൻനഷ്ടം നേരിട്ട സാഹചര്യത്തിൽ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച് സംഭരിക്കാൻ വരെ തീരുമാനിച്ചതാണ്. വില കുറഞ്ഞു നിന്നപ്പോൾ തേങ്ങ വാങ്ങി കൊപ്രയാക്കി സംഭരിക്കാനായിരുന്നു ഇത്. നാടൻ തേങ്ങയ്ക്ക് വില ഉയരുമ്പോഴും പാണ്ടിത്തേങ്ങ ലഭിച്ചിരുന്നു. വില കൂടിയതോടെ ഈ തേങ്ങ കൊപ്രയാക്കി മാറ്റുന്നതിനാൽ തേങ്ങ വരവ് കുറഞ്ഞു.ഇത്തരം തേങ്ങയ്ക്ക് ഗുണം പോരെങ്കിലും അടുക്കളയാവശ്യങ്ങൾക്ക് തല്ക്കാല പരിഹാരമായിരുന്നു.